നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ അകറ്റിനിറുത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്കുവഹിക്കുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ.

ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെൻഹാഗെൻ രൂപതയിൽ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീർത്ഥാടകരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പാ.

ദൈവിക പുണ്യമായ പ്രത്യാശയിൽ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീർത്ഥാടനം എന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ, “നിത്യ നഗരം” ആയ റോമിലേക്കുള്ള തീർത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീർത്ഥാടകരുടെ കാലടികൾ പിൻചെന്നാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവൻ നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

യുവജനത്തെ പ്രത്യേകം അഭിവാദ്യം ചെയ്യവെ പാപ്പാ, ദൈവം അവരെ ഓരുരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് ഈ ജിവിതത്തിൽ ഒരു ലക്ഷ്യവും ദൗത്യവും നല്കിക്കൊണ്ടാണെന്ന് ഓർമ്മിപ്പിച്ചു. ആകയാൽ ദൈവസ്വരം ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ ഉപരിവ്യക്തമായി ശ്രവിക്കുന്നതിന് ഈ തീർത്ഥാടനാവസരം ശ്രവണത്തിനും പ്രാർത്ഥനയ്ക്കുമായി ഉപയോഗപ്പെടുത്താൻ പാപ്പാ യുവതയ്ക്ക് പ്രചോദനം പകർന്നു.

അദ്ധ്യപകരെ അഭിവാദ്യം ചെയ്ത പാപ്പാ, യുവജനത്തോടു പറഞ്ഞത് അവരെ സംബന്ധിച്ചും പ്രസക്തമാണെന്ന് സൂചിപ്പിച്ചു. കുട്ടികളെ രൂപവത്ക്കരിക്കുകയെന്ന സുപ്രധാന ദൗത്യം നിക്ഷിപ്തമായിരിക്കുന്ന അദ്ധ്യാപകരിൽ യുവജനം വിശ്വാസജീവിത മാതൃക തേടുന്നുവെന്ന് പാപ്പാ പറഞ്ഞു. റോമിൽ നിന്ന് സ്വഭവനങ്ങളിൽ തിരിച്ചെത്തുന്നതോടെ ഈ തീർത്ഥാടനം അവസാനിക്കുന്നില്ലയെന്നും മറിച്ച്, അത്, “ശിഷ്യത്വത്തിൻറെ അനുദിന തീർത്ഥാടനത്തിലേക്ക്” ശ്രദ്ധ തിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.