നവോത്ഥാന കലയുടെ മാസ്റ്റർപീസായ കോൺസ്റ്റന്റൈൻ ഹാൾ ഒരു പതിറ്റാണ്ട് നീണ്ട പുനരുദ്ധാരണ പദ്ധതിക്ക് ശേഷം വീണ്ടും തുറന്നു. മിൽവിയൻ പാലത്തിൽവച്ച് കോൺസ്റ്റന്റൈൻ മാക്സെന്റയസിനെതിരെ നേടിയ വിജയത്തെ ചിത്രീകരിക്കുന്ന റാഫേലിന്റെ ഫ്രെസ്കോകൾ ഉൾക്കൊള്ളുന്ന ഹാൾ അതിന്റെ യഥാർഥ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടതിനു പിന്നാലെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
2015-ൽ ആരംഭിച്ച് 2024-ൽ പൂർത്തിയാക്കിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ റാഫേലിന്റെ വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ സാങ്കേതികവും കലാപരവുമായ കണ്ടുപിടുത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. പെയിൻ്റിംഗുകൾ പഠിക്കാനും റാഫേൽ ഉപയോഗിച്ച സാങ്കേതിക വിദ്യകൾ തിരിച്ചറിയാനും പ്രോജക്റ്റ് ടീം ഇൻഫ്രാറെഡ് റിഫ്രാക്ടോഗ്രാഫിയും അൾട്രാവയലറ്റ് ലൈറ്റും ഉൾപ്പെടെ വിപുലമായ ശാസ്ത്രീയ വിശകലനങ്ങൾ ഉപയോഗിച്ചു.
കോൺസ്റ്റന്റൈൻ ഹാൾ ഒരു സങ്കീർണ്ണ കലാരൂപമടങ്ങിയിരിക്കുന്ന വത്തിക്കാന്റെ ഒരു ഭാഗമാണ്. അഞ്ച് മാർപാപ്പാമാർക്ക് കീഴിൽ 60 വർഷത്തിലേറെയായി ഈ ഹാളിന്റെ ചുവരുകൾ കോൺസ്റ്റന്റൈന്റെ ജീവിതത്തിലെ നാല് പ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നു.
കോൺസ്റ്റന്റൈൻ ഹാളിന്റെ പുനരുദ്ധാരണം അതിന്റെ കലാപരമായ പൈതൃകം സംരക്ഷിക്കുന്നതിൽ വത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നതിൻ്റെ തെളിവാണ്. പുനഃസ്ഥാപിക്കുന്നവർ, രസതന്ത്രജ്ഞർ, എഞ്ചിനീയർമാർ, പൈതൃക വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള വിദഗ്ധരുടെ ഒരു ടീമാണ് ഹാളിനെ അതിന്റെ യഥാർത്ഥ പ്രൗഢിയിലേക്ക് പുനഃസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചത്.