വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡും 2 തവണ ജേതാവുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ്. ആദ്യ റൗണ്ടിൽ ഈ വർഷം വിരമിക്കുന്ന 38 കാരനായ ഫാബിയോ ഫോഗ്‌നിയിൽ നിന്നു കടുത്ത പോരാട്ടമാണ് അൽകാരസ് നേരിട്ടത്.
വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ദിനത്തിൽ 5 സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഇറ്റാലിയൻ താരത്തെ അൽകാരസിന് വീഴ്ത്താനായത്. ആദ്യ സെറ്റ് 7-5 നേടിയ അൽകാരസിനെതിരെ രണ്ടാം സെറ്റ് ഫോഗ്‌നി ടൈബ്രേക്കറിൽ സ്വന്തമാക്കി.
തുടർന്ന് 7-5 എന്ന സ്‌കോറിന് മൂന്നാം സെറ്റ് അൽകാരസ് നേടിയപ്പോൾ നാലാം സെറ്റ് 6-2ന് നേടി ഫോഗ്‌നി തന്റെ പരിചയസമ്പത്തും പോരാട്ടവീര്യവും ആരാധകർക്ക് ഒരിക്കൽ കൂടി കാണിച്ചു കൊടുത്തു. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-1 നേടിയ അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. 5 തവണ സർവീസ് ബ്രേക്ക് വഴങ്ങിയ അൽകാരസ് 7 തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു.



