വാഷിങ്ടൺ : സിറിയയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചു. എന്നാൽ, മുൻ പ്രസിഡൻ്റ് ബാഷാർ അൽ അസദിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ അമേരിക്ക തുടരും.
യുഎസിൻ്റെ ഈ നീക്കം സിറിയയെ സമാധാനത്തിൻ്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും ഉപരോധം അവസാനിപ്പിക്കുമെന്നും ട്രംപ് മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.
ട്രംപിൻ്റെ ഈ തീരുമാനം ഏറെക്കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമ്മാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച്ചു.



