വാഷിങ്ടൻ ഡിസി:ഫാമിലി വിസ വഴി വിദേശികൾക്ക് യുഎസിൽ സ്ഥിരതാമസത്തിനു അവസരം ലഭിക്കണമെങ്കിൽ, അവർ സ്വന്തം രാജ്യത്തെ സിവിൽ നിയമനങ്ങൾ അനുസരിച്ച് വിവാഹം കഴിക്കുകയും ഔദ്യോഗികമായി രജിസ്റ്റർ ചെയത സർട്ടിഫിക്കറ്റുകൾ നൽകുകയും വേണം. മതപരമായോ മറ്റേതെങ്കിലും രീതിയിൽ ഉള്ള വിവാഹമോ യുഎസ് ജൂലൈ മൂന്ന് മുതൽ അനുവദിക്കില്ല.2025 ജൂലൈ 3 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അഭയാർത്ഥികൾക്കും രാഷ്ട്രീയ അഭയം തേടുന്നവർക്കും വേണ്ടി പുതിയ മാറ്റം കൊണ്ടുവരുന്നു.
ജൂലൈ മൂന്ന് മുതൽ നിയമപരമായി രജിസ്റ്റർ ചെയ്ത സിവിൽ വിവാഹങ്ങൾക്ക് മാത്രമേ യുഎസ് അംഗീകാരം നൽകൂ. ഈ നിയമം വിവാഹ ശേഷം യുഎസിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന പലർക്കും വലിയ വെല്ലുവിളി തന്നെയാണ്.
യുഎസ് വിസ ലഭിച്ച വിദേശികളുടെ പങ്കാളികൾ യുഎസിലേക്ക് വരാൻ അപേക്ഷ സമർപ്പിക്കുമ്പോൾ, അവരുടെ വിവാഹം നടന്ന രാജ്യത്തെ സിവിൽ നിയമങ്ങൾക്കനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റർ ചെയത സർട്ടിഫിക്കറ്റുകൾ മാത്രമായിരിക്കും സ്വീകരിക്കുന്നത്.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പോളിസി മാനുവൽ വോളിയം 4ന്റെ ഭാഗമായി വരുന്ന മാറ്റമാണ് ഇത്.
വിദേശികൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകൾ ഇല്ലാതെയാകുന്നു.

യുഎസിൽ നേരത്തെ മതപരമായ ചടങ്ങുകളിലൂടെ നടന്ന വിവാഹങ്ങൾക്കും, യുദ്ധം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ വിവാഹങ്ങൾക്കും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇളവുകൾ നൽകിയിരുന്നു. എന്നാൽ, പുതിയ നിയമം ഈ ഇളവുകളെല്ലാം ഒഴിവാക്കുന്നു. ഇനി മുതൽ, ക്ഷേത്രത്തിലോ പള്ളിയിലോ മറ്റ് മതപരമായ രീതികളിലോ നടന്ന വിവാഹങ്ങൾ സിവിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അവയ്ക്ക് ഇനി മുതൽ അംഗീകാരം ലഭിക്കില്ല.
ഈ പുതിയ നിയമം നിലവിലുള്ളതും പുതിയതുമായ അപേക്ഷകളെ ഒരുപോലെ ബാധിക്കും. അതായത്, 2025 ജൂലൈ 3-ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്കും, അപ്പോഴേക്കും USCIS പരിഗണിച്ചുകൊണ്ടിരിക്കുന്ന പഴയ അപേക്ഷകൾക്കും ഈ നിയമം ബാധകമാകും.
മതപരമായ വിവാഹങ്ങൾക്ക് നിയമപരമായ രജിസ്ട്രേഷൻ നിർബന്ധമല്ലാത്ത ധാരാളം രാജ്യങ്ങൾ ഉണ്ട്. ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും ഇപ്പോഴും ഇത് നടക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ
യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ അഭയാർത്ഥികൾക്കും ഇത് തിരിച്ചടിയാകും. മുൻപ്, പലായനം ചെയ്യേണ്ടി വന്നതുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും, സ്വന്തം രാജ്യത്തെ നിയമം കാരണം വിവാഹം കഴിക്കാൻ സാധിക്കാത്തവർക്കും യുഎസ് മന്ത്രാലയം ഇളവുകൾ നൽകിയിരുന്നു. എന്നാൽ, പുതിയ നിയമത്തിൽ ഈ ഇളവുകളൊന്നും ഉണ്ടാകില്ല.