സർവീസിന്റെ തുടക്കം മുതൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച് പടിയിറങ്ങുന്ന സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ്. കേരള പോലീസ് രാജ്യത്തെ മികച്ച സേനയാണെന്നും, തുടർച്ചയായി കേന്ദ്ര അവാർഡുകൾ നേടുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യ മന്ത്രാലയം കേരള പോലീസിനെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതും അദ്ദേഹം എടുത്തുപറഞ്ഞു. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നതർ വരെ വിദ്യാസമ്പന്നരും അർപ്പണമനോഭാവമുള്ളവരുമാണെന്ന് അദ്ദേഹം പ്രശംസിച്ചു. തിരുവനന്തപുരത്ത് നടന്ന യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു ഷെയ്ക്ക് ദർവേസ് സാഹിബ്.
പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് താൻ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. യൂണിഫോം ഒരു താൽക്കാലിക പദവിയാണെന്നും, യൂണിഫോം ഇല്ലെങ്കിലും കർത്തവ്യബോധത്തോടെ പ്രവർത്തിക്കുന്നവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



