ബലാത്സംഗം ചെയ്ത സംഭവത്തിൽ മഹുവ മൊയ്ത്ര എംപി നടത്തിയ പ്രതികരണം തൃണമൂൽ കോൺഗ്രസ് നേതാക്കൾ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരായ പരോക്ഷ വിമർശനമെന്ന് സൂചന. സ്ത്രീവിരുദ്ധതയ്ക്ക് പാർട്ടി ഭേദമില്ല എന്നും എല്ലാ രാഷ്ട്രീയപാർട്ടികളും അവ ഉണ്ട് എന്നാണ് മഹുവ മൊയ്ത്ര എംപി എക്‌സിൽ കുറിച്ചത്. വിവാദ പരാമർശങ്ങൾ നടത്തിയ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരെയും എംഎൽഎ മദൻ മിത്രയ്ക്കെതിരെയാണ് ഈ ഒളിയമ്പ് പരാമർശം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീവിരുദ്ധ പരാമശങ്ങളെ തൃണമൂൽ എല്ലാ രീതിയിലും അപലപിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റിലായിരുന്നു മഹുവ മൊയ്ത്രയുടെ ഈ പരാമർശം ഉണ്ടായിരുന്നത്. ‘ഇന്ത്യയിലെ സ്ത്രീവിരുദ്ധതയ്ക്ക് രാഷ്ട്രീയപാർട്ടി ഭേദമില്ല. എന്നാൽ തൃണമൂൽ വ്യത്യസ്തരാകുന്നത്, ആര് ഇത്തരത്തിൽ പരാമർശങ്ങൾ നടത്തിയാലും ഞങ്ങൾ അതിനെ തള്ളിപ്പറയും എന്നതാണ്’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.

നേരത്തെ കല്യാൺ ബാനർജിയുടെയും മദൻ മിത്രയുടെയും പരാമർശങ്ങളെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഇരുവരും പരാമർശങ്ങൾ നടത്തിയത് സ്വന്തം നിലയിലാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും, അപലപിക്കുകയാണെന്നുമായിരുന്നു പാർട്ടി പറഞ്ഞത്. ഒരുതരത്തിലും ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും ‘എക്സ്’ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഏറ്റവും ശക്തമായ ശിക്ഷ തന്നെ പ്രതികൾക്ക് കേസുകളിൽ ലഭിക്കണമെന്നും തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഘം ചെയ്‌താൽ എന്ത് ചെയ്യാൻ സാധിക്കും എന്നതായിരുന്നു കല്യാൺ ബാനർജി എംപിയുടെ വിവാദ പരാമർശം. എന്തിനായിരുന്നു കോളേജിൽ ഒറ്റയ്ക്ക് വന്നതെന്നും, ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കിൽ ഈ ‘വിധി’ ഒഴിവാക്കാമെന്നുമായിരുന്നു മദൻ മിത്രയുടെ പരാമർശം. വലിയ പ്രതിഷേധമാണ് ഇരുവരുടെയും പരാമർശങ്ങൾക്കെതിരെ ഉയർന്ന് വരുന്നത്.

ജൂൺ 25ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് 24 കാരിയായ പെൺകുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കാൻ കോളേജിൽ എത്തിയത്. തുടർന്ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ബലാത്സംഗത്തിനിരയായ യുവതി നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നായിരുന്നു തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് യുവതി പരാതിയിൽ പറയുന്നത്. താൻ പോകാൻ ശ്രമിച്ചപ്പോൾ പ്രധാനപ്രതി ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പ്രതികളുടെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.