മയക്കുമരുന്നിന് അടിമകളായവരെ ശിക്ഷിക്കുന്നതിനുപകരം മയക്കുമരുത്തുകടത്തിൽ നിന്നു ലാഭം നേടുന്ന ക്രിമിനൽ സംഘടനകളെ തകർക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ, വ്യാഴാഴ്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരുകളോടും നിയമനിർവഹണ ഏജൻസികളോടും ആവശ്യപ്പെട്ടു. ശക്തരായ കടത്തുകാർ ശിക്ഷിക്കപ്പെടാതെപോകുന്നതിനെയും ദരിദ്രരെ ലക്ഷ്യംവച്ചുള്ള മയക്കുമരുന്ന് നയത്തിനെയും പാപ്പ രൂക്ഷമായി വിമർശിച്ചു.
ഇരകളോട് പോരാടുന്നത് എളുപ്പമാണ്. എന്നാൽ യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല.
ലോകമെമ്പാടുമുള്ള കൊക്കെയ്ൻ ഉൽപാദനത്തിൽ കുത്തനെയുള്ള വർധനവും ഫെന്റനൈൽ പോലുള്ള സിന്തറ്റിക് ഒപിയോയിഡുകളുടെ മാരകമായ എണ്ണവും വെളിപ്പെടുത്തുന്ന 2025 ലെ ലോക മയക്കുമരുന്ന് റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് പുറത്തിറക്കിയ സാഹചര്യത്തിലാണ് പാപ്പയുടെ പരാമർശം.
റിപ്പോർട്ടനുസരിച്ച്, 2024 ൽ അമേരിക്കയിൽ ഏകദേശം 48,422 മരണങ്ങൾക്ക് ഫെന്റനൈൽ കാരണമായിരുന്നു. യു എസിൽ അമിത അളവിലുള്ള മരണങ്ങൾ കുറയാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, വടക്കേ അമേരിക്കൻ ഒപിയോയിഡ് പ്രതിസന്ധിയിൽ ഫെന്റനൈൽ ഇപ്പോഴും ആധിപത്യം പുലർത്തുന്നു. 2023 ൽ ആഗോളതലത്തിൽ ഫെന്റനൈൽ പിടിച്ചെടുക്കൽ 19.5 ടണ്ണിലെത്തി; ഇതിൽ 99% വടക്കേ അമേരിക്കയിലാണ്.
“സഹോദരീ സഹോദരന്മാരേ, ഇന്ന് നമ്മൾ ഒരു പോരാട്ടത്തിലാണ്. നമുക്കുചുറ്റും ഒരാൾ വിവിധ തരത്തിലുള്ള ആസക്തിയിൽ തടവിലാക്കപ്പെട്ടിരിക്കുന്നിടത്തോളം കാലം ആ പോരാട്ടം ഉപേക്ഷിക്കാൻ കഴിയില്ല” – ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. യുവാക്കളെ സഭയ്ക്കും ലോകത്തിനും വളരെയധികം ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.