ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ അണ്ടർ 19 ടീം. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജൂൺ 27-നാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. അതേസമയം ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം സന്നാഹമത്സരവും നടന്നു. സന്നാഹമത്സരത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ അണ്ടർ 19 സംഘം പുറത്തെടുത്തത്.

അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 442 റൺസാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യ അണ്ടർ 19 ടീമെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യങ് ലയൺസ് ഇൻവിറ്റേഷണൽ ഇലവൻ 211 റൺസിന് പുറത്തായി. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യ ഹർവാൻഷ് സിങ് പംഗാലിയ എന്ന ഗുജറാത്തുകാരന്റെ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ കെട്ടിപ്പടുത്തത്.

ഇന്ത്യയുടെ മിന്നും യുവതാരങ്ങളായ ആയുഷ് മാത്രയും വൈഭവ് സൂര്യവംശിയുമടക്കം വേഗം പുറത്തായമത്സരത്തിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രാഹുൽ കുമാർ(73), കനിഷ്ക് ചൗഹാൻ(79), ആർഎസ് അമ്പ്രിഷ് (72)എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിലാണ് ഇന്ത്യ കരകയറുന്നത്. ശേഷം ഒമ്പതാമനായി ഇറങ്ങിയ ഹർവാൻഷ് സിങ് പംഗാലിയയും അടിച്ചുതകർത്തതോടെ ഇന്ത്യൻ സ്കോർ 400-കടന്നു.

52 പന്തിൽ നിന്ന് 103 റൺസുമായി ഹർവാൻഷ് പുറത്താകാതെ നിന്നു. എട്ട് ഫോറുകളും ഒമ്പത് സിക്സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒടുക്കം 9 വിക്കറ്റ് നഷ്ടത്തിൽ 442 റൺസിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ ഹർവാൻഷ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്ര യൂത്ത് ടീമിലെ താരമാണ് ഹർവാൻഷ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യൂത്ത് വിഭാഗത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ താരം 117 റൺസ് അടിച്ചെടുത്തിരുന്നു. ഗുജറാത്തിലെ ഗാന്ധിധാം സ്വദേശിയാണ് ഹർവാൻഷ്. കുടുംബം കാനഡയിലാണ് താമസിക്കുന്നത്. പിതാവ് ട്രക്ക് ഡ്രൈവറാണ്.