കൊല്‍ക്കത്ത: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് കൊൽത്തയിൽ ൻിർത്തേണ്ടി വന്നത്. വിമാനത്തിൻ്റെ എന്‍ജിനുകളിലൊന്നിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി.

കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് പുറപ്പെട്ട എഐ 180 വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയത്. ബോയിങ് 777-200 എല്‍ആര്‍ വിമാനമാണിത്.

ഇന്ന് പുലര്‍ച്ചെ 12:45 നാണ് വിമാനം കൊല്‍ക്കയിലെത്തിയത്. രണ്ടുമണിയോടെ ഇവിടെ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണിത്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ വിമാനത്തിൻ്റെ ഇടത് എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ യാത്രെ വൈകി. തുടര്‍ന്ന് പുലര്‍ച്ചെ 5:20ന് യാത്രക്കാരെ പുറത്തിറക്കി.

സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രക്കാരെ പുറത്തിറക്കാനുള്ള തീരുമാനം എടുക്കുന്നതെന്ന് വിമാനത്തിൻ്റെ ക്യാപ്റ്റന്‍, യാത്രക്കാരെ അറിയിച്ചു. തകരാറിലായ എന്‍ജിന്‍ ജീവനക്കാര്‍ പരിശോധിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

എൻജിനിലുണ്ടായ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് യാത്ര പുനരാരംഭിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. സാങ്കേതിക തകരാർ മൂലം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.