ന്യൂഡൽഹി: തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന കർശനമായി നടപ്പാക്കുകയാണ് റെയിൽവേ മന്ത്രാലയം. 2025 ജൂലൈ 1 മുതൽ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് മാത്രമേ തത്കാൽ ബുക്കിങ് നടത്താൻ അനുവാദമുള്ളൂ. ഈ നിബന്ധന കൊണ്ടു വരുന്നതിന് കാരണം തട്ടിപ്പുകൾ വ്യാപകമാകുന്നതാണ്. അനധികൃത ഏജന്റുമാരുടെ ബുക്കിങ് തടയാൻ ഈ ആധാർ നിബന്ധന സഹായിക്കും. ട്രെയിനിലെ സീറ്റ് തർ‌‍ക്കങ്ങൾ പരിഹരിക്കാനും ഈ ആധാർ ലിങ്കിങ് റെയില്‍വേയെ സഹായിക്കും.

ഐആർസിടിസി ആപ്പിലോ വെബ്സൈറ്റിലോ ചെന്ന് വളരെ എളുപ്പത്തിൽ ആധാർ ലിങ്കിങ് നടത്താവുന്നതാണ്. ഇതിന് ആദ്യമേ ഒരു ഒരു ഐആർസിടിസി അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അക്കൗണ്ട് ഉള്ളവർക്ക് പാസ്‌വേഡ് അടിച്ച് വെബ്സൈറ്റിൽ/ആപ്പിൽ കയറാം. ആധാർ നമ്പർ കയ്യിലുണ്ടായിരിക്കണം. ഐആർസിടിസിയുടെ ഒടിപി ഏത് ഫോണിലേക്കാണോ വരിക ആ ഫോണും കയ്യിലുണ്ടായിരിക്കണം. ഇവയെല്ലാം സജ്ജമായാൽ നമുക്ക് ആധാർ ലിങ്കിങ് തുടങ്ങാം.

ആധാർ എങ്ങനെ ലിങ്ക് ചെയ്യാം

1. ഔദ്യോഗിക ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കുക.
2. യൂസർനെയിമും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യുക.
3. ‘മൈ അക്കൗണ്ട്’ (ആപ്പിൽ ‘അക്കൗണ്ട്’എന്ന് മാത്രമേ കാണൂ) എന്ന ടാബിലേക്ക് പോയി ‘ഓതന്റിക്കേറ്റ് യൂസർ’ എന്നത് ക്ലിക്ക് ചെയ്യുക.
4. ഇവിടെ ആധാർ നമ്പരോ വെർച്വൽ ഐഡിയോ ടൈപ്പ് ചെയ്ത് നൽകുക.
5. ഇനി ‘വെരിഫൈ ഡീറ്റൈൽസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് OTP വരും.
6. ഫോണിൽ OTP ലഭിച്ചുകഴിഞ്ഞാൽ അത് ടൈപ്പ് ചെയ്തു നൽകുക. ശേഷം കൺസെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ബട്ടൻ അമർത്തുക.
7. ആധാർ വിജയകരമായി ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

തൽക്കാൽ എടുക്കുക എന്നത് അതിവേഗം ചെയ്യേണ്ട കാര്യമാണ്. ഓരോ നിമിഷത്തിനും വലിയ വിലയുണ്ട്. രണ്ടോ മൂന്നോ പേർക്ക് വേണ്ടി ഒരുമിച്ച് ആധാർ എടുക്കുമ്പോൾ അവരുടെയെല്ലാം ഡീറ്റൈല്‍സ് അടിച്ച് ചേർക്കേണ്ടതായി വരും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇതെല്ലാം ചെയ്ത് വരുമ്പോഴേക്ക് തൽക്കാൽ ടിക്കറ്റ് തീർന്നിട്ടുണ്ടാകും. ഇതിനായി ആദ്യമേ യാത്രക്കാരുടെ വിവരങ്ങൾ അടിച്ചുചേർത്ത് ഒരു മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇവിടെയും ആ യാത്രക്കാരുടെ ആധാർ വെരിഫൈ ചെയ്യേണ്ടതുണ്ട്. എങ്ങനെ മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കാമെന്ന് താഴെ വിവരിക്കുന്നു.

എങ്ങനെ മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കാം

1. ആപ്പിൽ/വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ കയറിയാൽ മൈ മാസ്റ്റർ ലിസ്റ്റ് എന്ന ഒരു ഭാഗം കാണാം. (വെബ്സൈറ്റിൽ ഇത് മൈ പ്രൊഫൈൽ എന്നതിനകത്തും വരാറുണ്ട് ചിലപ്പോൾ). ഇത് തിരഞ്ഞെടുക്കുക.
2. ഇനി വരുന്ന വിൻഡോയിൽ ആഡ് പാസഞ്ചർ എന്ന ഭാഗം കാണാം. അതിൽ ക്ലിക്ക് ചെയ്ത് യാത്രക്കാരന്റെ/കാരിയുടെ വിവരങ്ങൾ നൽകാം. പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ അവരുടെ ആധാർ കാർഡിൽ ഉള്ളതുപോലെ തന്നെ നൽകുക.
3. ഐഡി പ്രൂഫായി ആധാർ കാർഡ് എന്നത് തിരഞ്ഞെടുക്കുക. അവിടെ ആധാർ നമ്പർ നൽകുക.
4. സബ്മിറ്റ് ക്ലിക്ക് ചെയ്യുക. ഇവിടെ വെരിഫിക്കേഷൻ സ്റ്റാറ്റസ് തുടക്കത്തിൽ Pending എന്നാണ് കാണിക്കുക.
5. ആധാർ ഡാറ്റാബേസിലെ വിവരങ്ങള്‍ വെച്ച് വെരിഫിക്കേഷൻ നടത്താൽ കുറച്ച് സമയം എടുത്തേക്കും. ഇത് പരിശോധിക്കാം ‘ക്ലിക്ക് ഹിയർ’ എന്ന ഭാഗം തെളിയുന്നതാണ്. നൽ‌കിയ വിവരങ്ങൾ ആധാർ ഡാറ്റാബേസുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ ‘സ്റ്റാറ്റസ് വെരിഫൈഡ്’ എന്ന ടാഗോടെ മാസ്റ്റർ ലിസ്റ്റിൽ ആ വ്യക്തിയുടെ വിവരങ്ങൾ പ്രതിക്ഷമാകും.