ലോക ജനസംഖ്യയില്‍ 2010നും 2020നും ഇടയിൽ വര്‍ധനവുണ്ടായി. ഇതിന്റെ പ്രതിഫലനം ലോകത്തെ പ്രധാന മതവിഭാഗങ്ങളിലുമുണ്ടായി. 2700-ലധികം സെൻസസുകളും സർവേകളും വിശകലനം ചെയ്തുള്ള പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ടിലാണ് മതവിഭാഗങ്ങളുടെ കണക്കുകളുള്ളത്. ഇതുപ്രകാരം ക്രിസ്ത്യാനികൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നു. 218 കോടിയിൽ നിന്ന് 230 കോടിയായാണ് ക്രിസ്ത്യന്‍ ജനസംഖ്യ വർധിച്ചത്. 12.2 കോടിയാണ് വർധനവ്. പക്ഷേ ആഗോള ജനസംഖ്യയിൽ അവരുടെ പങ്ക് 30.6% ൽ നിന്ന് 28.8% ആയി ചുരുങ്ങി.
അതേസമയം, മുസ്ലിം വിഭാഗം വലിയ മുന്നേറ്റം നടത്തി. 34.6 കോടി വര്‍ധിച്ച് മൊത്തം ജനസംഖ്യ 200 കോടിയിലെത്തി. ആകെ ജനസംഖ്യയില്‍ മുസ്ലിം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 % വർധിച്ച് 25.6% ആയി ഉയർന്നുവെന്ന് പ്യൂ റിപ്പോർട്ട് പറയുന്നു.
ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ലോക ജനസംഖ്യയുടെ 24.2% ആയി വളർന്നു (23.3% ൽ നിന്ന്). അതേസമയം ഹിന്ദുമതവും ജൂതമതവും ആഗോള ജനസംഖ്യാ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരത പുലർത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.