വത്തിക്കാൻ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രം സംഘടിപ്പിച്ച വേനൽകാല ക്യാമ്പിൽ ശാസ്ത്രവും വിശ്വാസവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് യുവ ജ്യോതിശാസ്ത്രജ്ഞർ. പ്രപഞ്ചത്തിൻ്റെ അദ്ഭുതങ്ങൾ പര്യവേഷണം ചെയ്യാൻ ലോകമെമ്പാടുമുള്ള 24 യുവാക്കളെ തിരഞ്ഞെടുത്തു നടത്തിയ ക്യാമ്പിലായിരുന്നു ഇത്തരമൊരു നിരീക്ഷണം.
ഒബ്സർവേറ്ററിയുടെ ഡയറക്ടർ ബ്രദർ ഗൈ കൺസോൾമാഗ്നോ പറയുന്നതനുസരിച്ച്, ശാസ്ത്രത്തിനും വിശ്വാസത്തിനും യോജിപ്പിൽ ഒരുമിച്ചുപ്രവർത്തിക്കാൻ കഴിയുമെന്നു കാണിക്കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. “ജസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞർക്കൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ശാസ്ത്രവും വിശ്വാസവും ഒരുമിച്ചുപ്രവർത്തിക്കുന്നു എന്നതിൻ്റെ ഏറ്റവും ശക്തമായ തെളിവായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – അദ്ദേഹം പറഞ്ഞു.
175 അപേക്ഷകരിൽ നിന്നാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. ഒരു രാജ്യത്തുനിന്ന് രണ്ട് വിദ്യാർഥികൾക്കു മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുക്കൽപ്രക്രിയ വെല്ലുവിളി നിറഞ്ഞതാണെന്ന് കൺസോൾമാഗ്നോ അഭിപ്രായപ്പെട്ടു. എന്നാൽ ആത്യന്തികമായി, അക്കാദമിക തലത്തിലും കഴിവിലും മികവു കാണിക്കുന്ന വിദ്യാർഥികളെയാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, വിദ്യാർഥികൾക്ക് ലോകമെമ്പാടുമുള്ള സമപ്രായക്കാരെ കാണാനും ഈ മേഖലയിലെ വിദഗ്ധരിൽനിന്നു പഠിക്കാനും ഒരു സവിശേഷ അവസരം ഈ ക്യാമ്പ് നൽകുന്നു.