വി. പാദ്രെ പിയോയുടെ തിരുശേഷിപ്പുകൾ അമേരിക്കയിലേക്ക് എത്തുന്നു. ഈ വർഷം ഒക്ടോബറിലാണ് വിശുദ്ധന്റെ വസ്ത്രവും പഞ്ചക്ഷതം മറയ്ക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന കൈയ്യുറയും പ്രദർശനത്തിനായി എത്തുന്നത്.
“ഇറ്റലിയിലെ സാൻ ജിയോവന്നി റൊട്ടോണ്ടോയിലുള്ള വി. പാദ്രെ പിയോയുടെ സന്യാസമന്ദിരത്തിൽ നിന്നുള്ള സന്യാസിമാർക്കൊപ്പം എത്തുന്ന തിരുശേഷിപ്പുകളിൽ പാദ്രെ പിയോയുടെ ഒരു വസ്ത്രവും അദ്ദേഹത്തിന്റെ പഞ്ചക്ഷതം മറയ്ക്കാൻ ധരിച്ചിരുന്ന ഒരു കയ്യുറയും ഉൾപ്പെടുന്നു” – പാദ്രെ പിയോ ഫൗണ്ടേഷൻ ഓഫ് അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജൂലി ഫിറ്റ്സ് റിട്ടർ പറഞ്ഞു.
വി. പാദ്രെ പിയോയുടെ മേലങ്കി ഇറ്റലിയിൽ നിന്ന് പുറത്തേയ്ക്ക് എത്തുന്നത് ഇതാദ്യമായാണ്. സാൻ ജിയോവന്നി റൊട്ടോണ്ടോയിൽ നിന്നുള്ള കപ്പുച്ചിൻ സന്യാസിമാരും തിരുശേഷിപ്പിനെ അനുഗമിക്കുന്നുണ്ട്. “വി. പാദ്രെ പിയോയുടെ കയ്യുറകൾ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളുടെയും ക്രിസ്തുവിന്റെ പീഡാനുഭവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെയും പ്രതീകമാണ്” – ഡയറക്ടർ ജൂലി ഫിറ്റ്സ് പറയുന്നു. ഒക്ടോബർ 11 മുതൽ 18 വരെ അമേരിക്കയിലെ കണക്റ്റിക്കട്ടിലും പെൻസിൽവാനിയയിലും ഈ തിരുശേഷിപ്പുകൾ ഉണ്ടാകും.



