ഒർലാൻഡോ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയിൽ ഒർലാൻഡോ റീജണൽ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ(ഒരുമ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി.
സാൻഫോഡിലെ സെമിനോൾ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു വർണാഭമായ പരിപാടി. ഒരുമ എക്സിക്യൂട്ടീവ് ടീമംഗങ്ങളും മുഖ്യാതിഥികളും കൂട്ടായി തിരിതെളിച്ച് ഉദ്ഘാടനം നടത്തി.

ഫാ. ജെയിംസ് തരകൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജിബി ജോസഫ് ചിറ്റേടം സ്വാഗതവും സെക്രട്ടറി ജസ്റ്റിൻ ആന്റണി കൃതജ്ഞതയും പറഞ്ഞു. വൈസ്പ്രസിഡന്റ് ക്രിസ് നോയൽ മാളിയേക്കൽ സമ്മാനവിതരണം നടത്തി.
ട്രഷറർ ടോമി മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനുരാധ മനോജ്, ജോയിന്റ് സെക്രട്ടറി നീത പ്രവിബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സമ്മേളനത്തോടനുബന്ധിച്ചു യുവജന പങ്കാളിത്തത്തിന് ഊന്നൽ കൊടുത്തുള്ള വിവിധകലാപരിപാടികളും ഒർലാൻഡോയിലെ ഗായകർ ഒന്നുചേർന്ന് അവതരിപ്പിച്ച മെഡ്ലേയും അവതരണത്തിൽ പുതുമയുള്ളതായിരുന്നു.

പൗലോസ് കുയിലാടൻ സംവിധാനം നിർവഹിച്ച നാടകമായ പുനരുഥാനം പ്രധാന ആകർഷകമായി. വർക്കി പെരിയപ്പുറം, ചാക്കോച്ചൻ ജോസഫ്, അശോക് മേനോൻ എന്നിവർ പരിപാടികളുടെ മുഖ്യ സ്പോണ്സർമാരായിരുന്നു.



