ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരത്തിന് ഇടതു വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ടീം ഫിസിയോ എത്തി പരിശോധിച്ചെങ്കിലും താരത്തിന് മത്സരം പൂർത്തിയാക്കാനായില്ല. വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം.
ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ രാജസ്ഥാൻ നിര മികച്ച രീതിയിൽ മുന്നേറുന്നതിനിടെയാണ് ക്യാപ്റ്റൻ വേദനകൊണ്ട് പുളഞ്ഞത്. ആറാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജുവിന്റെ ഷോട്ടിനായുള്ള ശ്രമം പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍. പിന്നാലെയാണ് താരത്തിന് ഇടതു വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടത്. ടീം ഫിസിയോ ഉടന്‍ തന്നെ എത്തി സഞ്ജുവിനെ പരിശോധിച്ചു.
എന്നാൽ വേദന സംഹാരി കഴിച്ച് ബാറ്റിങ് തുടരാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ തൊട്ടടുത്ത പന്ത് നേരിട്ട ശേഷവും കടുത്ത വേദന അനുഭവപ്പെട്ടു. ഇതോടെ സഞ്ജു ക്രീസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. പകരം റിയാൻ പരാഗ് ബാറ്റ് ചെയ്യാൻ ഇറങ്ങി.



