ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ നേതൃത്വത്തിൽ “ഹൂസ്റ്റൺ ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെന്റ് 2025’ന് തുടക്കമായി. സ്റ്റാഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്റ് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു.
ടെക്സസ് ഡിസ്ട്രിക്ട് കോടതി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായിരുന്നു. ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ ഐസക്ക് ബി. പ്രകാശ് ടൂർണമെന്റിലെ ടീമുകൾക്ക് ആശംസകൾ നേർന്നു.
ഐസിഇസിഎച്ച് സ്പോർട്സ് കൺവീനർ റവ. ജീവൻ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, വൊളന്റിയർ ക്യാപ്റ്റൻ നൈനാൻ വീട്ടീനാൽ, ക്രിക്കറ്റ് കോഓർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ്, പിആർഒ ജോൺസൻ ഉമ്മൻ, ടൂർണമെന്റ് മെഗാ സ്പോൺസർ ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.

ഹൂസ്റ്റണിലെ 10 ഇടവകകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ മാസ് മ്യൂച്വൽ ഗ്രേറ്റർ ഹൂസ്റ്റണും ഗ്രാൻഡ് സ്പോൺസർ അബാക്കസ് ട്രാവൽസ്, റിയാലിറ്റി അസോസിയേറ്റ്സ്, ആൻസ് ഗ്രോസർസ് സ്റ്റാഫോർഡ് ആൻഡ് മിസോറി സിറ്റി എന്നിവർ മറ്റു സ്പോൺസർമാരുമാണ്.
ആദ്യ ദിനം നടന്ന 15 ഓവർ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച് ടീമിനെ (88-9) സെന്റ് ജോസഫ് സീറോമലബാർ ഫൊറോനാ ചർച്ച് ടീം (89-3) പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച് ടീം (92-5) ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ടീമുമായുള്ള (91-7) മത്സരത്തിൽ വിജയം കണ്ടു.



