ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന കൺവൻഷൻ കിക്കോഫ് മാർച്ച് ഒന്നിന്ന് ന്യൂയോർക്കിൽ നടക്കും.
മന്ത്രയുടെ പ്രസിഡന്റും സെക്രട്ടറിയും ട്രസ്റ്റി ബോർഡ് ചെയറും മുൻ പ്രസിഡന്റും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന മിനി കൺവൻഷനായി മാറുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റുമാരായ സർവ പുരുഷോത്തമ പണിക്കർ, അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, വത്സ തോപ്പിൽ എന്നിവർ അറിയിച്ചു.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്കോഫ് ഉൾപ്പെടെ മന്ത്രയുടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നോർത്ത് കാരോളിനയിൽ ഈ വർഷം ജൂലൈ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന രണ്ടാമത്തെ ഗ്ലോബൽ കൺവൻഷനായ “ശിവോഹം 2025′ ന്റെ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ഭരതനാട്യം, മോഹിനിയാട്ടം സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് ഉൾപ്പടെ പ്രശസ്ത കലാകാരന്മാർ അണി നിരക്കുന്ന കലാ സന്ധ്യയും ചടങ്ങിന് പ്രൗഢി കൂട്ടും.
ന്യൂയോർക്ക് നഗരം ഉൾപ്പെട്ട ട്രൈ സ്റ്റേറ്റിലാണ് മന്ത്രയുടെ പ്രവർത്തനങ്ങൾ. ഹൈന്ദവ ധർമ്മ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പൈതൃകമായി കിട്ടിയ അറിവുകൾ പങ്കുവയ്ക്കുന്നതിനും അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ നെറ്റ്വർക്കിന്റെ ഭാഗമായി മന്ത്രയുടെ പിന്നിൽ അണി ചേരുന്നതിനുള്ള അവസരമാകും ന്യൂയോർക്കിൽ നടക്കുന്ന കിക്ക് ഓഫ് എന്ന് ട്രസ്റ്റി ചെയർ വിനോദ് കെയാർകെ, സെക്രട്ടറി ഷിബു ദിവാകരൻ, നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റി സെക്രട്ടറി മധു പിള്ള എന്നിവർ അറിയിച്ചു.



