ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ്റെ(Salman Khan) വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബുണ്ടി സ്വദേശി ബൻവാരിലാൽ ലതുർലാൽ ഗുജാർ (25) ആണ് പ്രതി. പ്രതിയെ മുംബൈ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ബൻവാരിലാൽ ലതുർലാൽ ഗുജാർ തൻ്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിൽ “ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും അവരുടെ സംഘാംഗങ്ങളും എൻ്റെ കൂടെയുണ്ട്, വിഷയത്തിൽ ഇതുവരെ മാപ്പ് പറയാത്തതിനാൽ ഞാൻ സൽമാൻ ഖാൻ കൊല്ലും.”, വീഡിയോയിൽ പ്രതി പറഞ്ഞു. രാജസ്ഥാനിലെ ഒരു ഹൈവേയിൽ വച്ചാണ് പ്രതി വീഡിയോ തയ്യാറാക്കിയത്. പിന്നീട് തൻ്റെ ചാനലിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഭീഷണി വീഡിയോ വൈറലായതോടെ കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചതായി ഒരു മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മുംബൈ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.