കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതില്‍ വിവാദം കനക്കുന്നു. പിണറായി വിജയന്‍റെ പോലീസ് കൂലിപ്പട്ടാളമായി മാറിയെന്ന വിമർശനവുമായി ലീഗ് നേതാവ് എം.കെ. മുനീർ രംഗത്തുവന്നു.
തീവ്രവാദികളെ പോലെയാണ് വിദ്യാര്‍ഥികളെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനാധിപത്യ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയിലാണ്. പോലീസ് നടപടി അടിയന്തിരാവസ്ഥകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുനീർ വിമര്‍ശനം നടത്തി.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരാണ് കൊയിലാണ്ടിയില്‍ ഞായറാഴ്ച വിദ്യാഭ്യാസമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചത്.
എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടി.ടി. അഫ്രീൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി.ഫസീഫ് എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൈയില്‍ വിലങ്ങുവച്ചാണ് കൊയിലാണ്ടി പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആറ് പ്രവര്‍ത്തകരെയായിരുന്നു അറസ്റ്റ് ചെയ്തത്.



