സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകുന്നില്ല. സ്ഥിതിഗതികൾ വളരെയധികം മോശമാണ്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമത്തിന്റെ സ്വഭാവം മാറുന്നതിൽ ഷാ ആശങ്ക പ്രകടിപ്പിച്ചെന്നും സ്ഥിതിഗതികൾ വളരെ കുഴപ്പത്തിലാണെന്നും ബിരേൻ സിംഗ് പറഞ്ഞു.
“പെരിഫറൽ പ്രദേശങ്ങളിലെ തീ പിടിത്തം മുതൽ താഴ്‌വര ജില്ലകളിലെ ആഭ്യന്തര കലാപം വരെയുള്ള അക്രമത്തിന്റെ സ്വഭാവം മാറുന്നത് അമിത് ഷാ ജിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.” ഞായറാഴ്ച രാത്രി വൈകി ഡൽഹിയിൽ നിന്ന് മടങ്ങിയ ശേഷം മുഖ്യമന്ത്രി സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പിടിഐയോട് പറഞ്ഞു. അക്രമത്തിന്റെ പ്രാരംഭ ഘട്ടം രാഷ്ട്രീയവും സെൻസിറ്റീവുമായിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് പറയാനാവില്ല. സ്ഥിതിഗതികൾ വളരെ കുഴപ്പത്തിലാണ്, ”മുഖ്യമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അക്രമം രൂക്ഷമായ മണിപ്പൂരിൽ തീവ്രവാദികൾ നിർമിച്ചതായി ആരോപിക്കപ്പെടുന്ന ബങ്കറുകൾ സംസ്ഥാന പോലീസും കേന്ദ്ര സുരക്ഷാ സേനയും അടിച്ചമർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തീവ്രവാദികൾ നിർമ്മിച്ചതായി പറയപ്പെടുന്ന 12 ബങ്കറുകൾ നശിപ്പിച്ചതായി സൈന്യം വ്യക്തമാക്കി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വീടിനും സംസ്ഥാന മന്ത്രി സുശീന്ദ്രോ മെയ്തേയിയുടെ വസതിക്കും നേരെയുണ്ടായ ആക്രമണം, സർക്കാർ സ്വത്തുക്കൾക്ക് തീയിട്ട് നശിപ്പിക്കൽ, സുരക്ഷാ സേനയുടെ നീക്കം തടസ്സപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ അമിത് ഷാ ഉന്നയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ സമർപ്പിച്ചതായും ബിരേൻ സിംഗ് പറഞ്ഞു.
അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തരമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് . സ്ഥിതിഗതികൾ ശാന്തമാക്കാനും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും സഹായിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർത്ഥിച്ചാണ് അദ്ദേഹം യോഗം വിളിച്ചത്.
നാല് മണിക്കൂർ നീണ്ട യോഗത്തിൽ ബിരേൻ സിങ്ങിനെ ഉടൻ പുറത്താക്കണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ചില പാർട്ടികൾ ആവശ്യപ്പെട്ടു. ബിജെപി, കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന, തൃണമൂൽ കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട്, ബിജെഡി, എഐഎഡിഎംകെ, ഡിഎംകെ, ആർജെഡി, സമാജ്‌വാദി പാർട്ടി, എഎപി തുടങ്ങി നിരവധി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. മെയ് 3 ന് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് മണിപ്പൂരിൽ വംശീയ സംഘർഷമുണ്ടായത് .



