ഗുവാഹത്തി: വെള്ളപ്പൊക്കത്തിന്റെ ദുരിതമൊഴിയാതെ അസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വെള്ളപ്പൊക്കത്തിൽ ഇതുവരെ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനകം ഒമ്പത് ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

എഎസ്ഡിഎംഎ റിപ്പോർട്ട് അനുസരിച്ച്, ബക്‌സ, ബാർപേട്ട, ദരാംഗ്, ധുബ്രി, ഗോൾപാറ, കാംരൂപ്, ലഖിംപൂർ, നാൽബാരി, ഉദൽഗുരി ജില്ലകളിലായി 4,07,700-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ചിലയിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായും അധികൃതർ അറിയിച്ചു. അതേസമയം, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രളയക്കെടുതി നേരിടാൻ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

“കനത്ത മഴയെത്തുടർന്ന്, അസമിലെ ചില ഭാഗങ്ങളിൽ ആളുകൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തെ നേരിടുന്നു. ഞാൻ മുഖ്യമന്ത്രി ശ്രീ ഹിമന്തബിശ്വ ജിയുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു,” അമിത് ഷാ ട്വീറ്റ് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ടീമുകൾ ഇതിനകം തന്നെ രക്ഷാപ്രവർത്തനങ്ങൾ   നടത്തുന്നുണ്ടെന്നും മതിയായ സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ, “സജീവമായ പ്രതികരണത്തിന്” നന്ദിയും സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയും അറിയിച്ചു. “അസം സർക്കാർ അതീവ ജാഗ്രതയിലാണ്, ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

നിരവധി ജില്ലകളിലായി 81,352 പേർ അടങ്ങുന്ന 101 ദുരിതാശ്വാസ ക്യാമ്പുകളും അഞ്ച് ജില്ലകളിലായി 119 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും നടത്തുന്നുണ്ട്. നിലവിൽ 1,118 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും അസമിലുടനീളം 8,469.56 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ടെന്നും എഎസ്ഡിഎംഎ അറിയിച്ചു. ബക്‌സ, ബാർപേട്ട, സോനിത്പൂർ, ധുബ്രി, കാംരൂപ്, കൊക്രജാർ, നാൽബാരി, സൗത്ത് സൽമാര, ഉദൽഗുരി എന്നിവിടങ്ങളിൽ വൻ മണ്ണൊലിപ്പ് ഉണ്ടായി. കനത്ത മഴയെ തുടർന്ന് കരിംഗഞ്ചിലെ സ്ഥലങ്ങളിലും മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡാരംഗ്, സോണിത്പൂർ, കാംരൂപ്, ഗോലാഘട്ട്, നാൽബാരി, ബാർപേട്ട, ബക്‌സ, ബോംഗൈഗാവ്, ധുബ്രി, ഗോൾപാറ, കരിംഗഞ്ച്, കൊക്രജാർ, ഉദൽഗുരി, ലഖിംപൂർ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ദരാംഗ് ജില്ലയിലെ പല സ്ഥലങ്ങളിലും നഗരപ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി എഎസ്ഡിഎംഎ അറിയിച്ചു, തേജ്പൂരിലും നെയാമതിഘട്ടിലും ബ്രഹ്മപുത്ര അപകടരേഖയ്ക്ക് മുകളിലായാണ് ഒഴുകുന്നത്.