ന്യൂഡൽഹി: ചൈനയിലെ വുക്സിയിൽ നടക്കുന്ന ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി സിഎ ഭവാനി ദേവി. നിലവിലെ ലോക ചാമ്പ്യനായ മിസാക്കി എമുറയെ ക്വാർട്ടർ ഫൈനലിൽ 15-10 ന് തോൽപ്പിച്ചാണ് തമിഴ്നാട്ടുകാരിയായ സിഎ ഭവാനി സെമിയിൽ പ്രവേശിച്ചത്. ഇതോടെ താരത്തിന് വെങ്കലം ഉറപ്പായി. ഉസ്ബെക്കിസ്ഥാന്റെ സയ്‌നാബ് ഡായിബേക്കോവയാണ് സെമിയിൽ ഭവാനി ദേവിയുടെ എതിരാളി. ഈ മത്സരം ജയിച്ചാൽ വെള്ളി മെഡൽ ഉറപ്പിച്ച് ഭവാനി ദേവിക്കു ഫൈനലിൽ മത്സരിക്കാം.
ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ രാജീവ് മേത്ത അഭിനന്ദിച്ചു.
“ഇന്ത്യൻ ഫെൻസിംഗിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. മുമ്പ് ആർക്കും നേടാനാകാത്ത നേട്ടമാണ് ഭവാനി നേടിയത്. അഭിമാനകരമായ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി. മുഴുവൻ ഫെൻസിംഗ് ഫ്രണ്ടേണിറ്റിയുടെയും പേരിൽ ഞാൻ അവളെ അഭിനന്ദിക്കുന്നു, പ്രതീക്ഷിക്കുന്നു. അവൾ സ്വർണം തിരികെ കൊണ്ടുവരുന്നു,” മേത്ത പിടിഐയോട് പറഞ്ഞു.
ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായ ഭവാനി ദേവി ടോക്കിയോ ഗെയിംസിൽ 32-ാം റൗണ്ടിൽ പുറത്തായിരുന്നു.



