ന്യൂഡൽഹി : മണിപ്പൂരിലെ വംശീയ അക്രമങ്ങൾക്കിടയിൽ ന്യൂനപക്ഷമായ കുക്കി ആദിവാസികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കുന്നത് സുപ്രീം കോടതി നിരസിച്ചു. അക്രമം നടന്ന സംസ്ഥാനത്ത് സുരക്ഷാ സേന തങ്ങളുടെ ജോലി ചെയ്യുന്നുണ്ടെന്നും പ്രശ്നം പൂർണ്ണമായും ക്രമസമാധാന പ്രശ്‌നമാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. എൻജിഒ മണിപ്പൂർ ട്രൈബൽ ഫോറത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് ഇക്കാര്യങ്ങൾ കോടതിൽ പരാമർശിച്ചത്.
അതേസമയം, സുരക്ഷാ ഏജൻസികൾ സ്ഥലത്തുണ്ടെന്ന് അടിയന്തര വാദം കേൾക്കണമെന്ന ഹർജിയെ എതിർത്ത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇത് തികച്ചും ക്രമസമാധാന പ്രശ്‌നമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.
“ഇതിന് അടിയന്തര ഇടപെടൽ ആവശ്യമാണ്, ഉറപ്പ് നൽകിയിട്ടും നിരവധി ആളുകൾ മരിക്കുന്നു. ഞങ്ങൾ ആദിവാസികൾക്ക് സംരക്ഷണം തേടുകയാണ്. 70 ആദിവാസികൾ മരിച്ചു. ഞങ്ങൾ സൈന്യത്തിന്റെ സംരക്ഷണം തേടുകയാണ്.” വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു,
എന്നാൽ ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും ഭരണപരമായ വശത്തിലൂടെ പരിഹരിക്കാമെന്നും ബെഞ്ച് അറിയിച്ചു.
“കൂടുതൽ ആളുകൾ കൊല്ലപ്പെടും. ഇത് ഒരു ക്രൂരതയാണ്.” ഗോൺസാൽവ്സ് വാദിച്ചെങ്കിലും വിഷയം അടിയന്തിര അടിസ്ഥാനത്തിൽ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.അതേസമയം,ജൂലൈ മൂന്നിന് കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു
മേയ് 3 ന് ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിനെ തുടർന്നാണ് മണിപ്പൂരിൽ ആദ്യമായി സംഘർഷം ആരംഭിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവർഗ്ഗക്കാർ – നാഗകളും കുക്കികളും – ജനസംഖ്യയുടെ 40 ശതമാനവും മലയോര ജില്ലകളിൽ താമസിക്കുന്നു.



