രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ കിരീടം നേടി കര്‍ണാടക സ്വദേശിനി സിനി ഷെട്ടി. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 2021 മിസ്സ് ഇന്ത്യയായിരുന്ന മാനസ വരാണസി സിനിയ്ക്ക് കിരീടം ചാര്‍ത്തി നല്‍കി.

രാജസ്ഥാനില്‍ നിന്നുള്ള റൂബല്‍ ഷെഖാവത്താണ് ഫസ്റ്റ് റണ്ണപ്പ് . ഉത്തര്‍പ്രദേശ് സ്വദേശി ഷിനാറ്റ ചൗഹാന്‍ സെക്കന്‍ഡ് റണ്ണറപ്പും ആയി. 71ാമത് ലോകസുന്ദരി മത്സരത്തില്‍ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും. 21കാരിയായ സിനി ഇപ്പോള്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. കര്‍ണാടക സ്വദേശിയാണെങ്കിലും മുംബൈയിലാണ് സിനി ഷെട്ടി ജനിച്ചത്.

ഒരു നല്ല നര്‍ത്തികി കൂടിയാണ് സിനി. നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു ജൂറിയംഗങ്ങള്‍. ക്രിക്കറ്റ് താരം മിതാലി രാജും പാനലില്‍ ഉണ്ടായിരുന്നു. ഡിസൈനര്‍മാരായ രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവര്‍ എന്നിവരും ജൂറിയുടെ ഭാഗമായിരുന്നു.

മിസ് ഇന്ത്യ ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകന്‍.