വൊളോദിമിര്‍ സെലന്‍സ്കിയെ യുക്രെയ്ന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിന് റഷ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.

പകരം റഷ്യന്‍ അനുകൂലിയും മുന്‍ പ്രസിഡന്‍റുമായ വിക്ടര്‍ യാനുക്കോവിച്ചിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കമെന്നും യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2014ലാണ് യാനുക്കോവിച്ചിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. പിന്നാലെ അദ്ദേഹം റഷ്യയിലേക്ക് കടന്നു. യാനുക്കോവിച്ച്‌ ബെലറൂസിലെ മിന്‍സികില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. യാനുക്കോവിച്ചിനെ പ്രസിഡന്‍റ് സ്ഥാനത്ത് തിരികെ എത്തിക്കാനുള്ള മാധ്യമ പ്രചാരണങ്ങളും കാമ്ബയിനും റഷ്യ ശക്തമാക്കിയതായും പറയുന്നു.

അതേസമയം, റഷ്യയും യുക്രെയ്നും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ബുധനാഴ്ച വൈകീട്ട് പുനരാരംഭിക്കുമെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ബെലറൂസ് അതിര്‍ത്തിയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ വിശ്വസ്തനന്‍ വ്ലാദിമിര്‍ മെഡിന്‍സ്കി തന്നെയാണ് ഇത്തവണയും റഷ്യന്‍ സംഘത്തെ നയിക്കുന്നത്. ചര്‍ച്ച നടക്കുന്ന കാര്യം യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എവിടെ വെച്ചാണെന്ന് കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.