ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടാന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.

പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിര്‍ദ്ദേശം. യുക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്ബ് ഖാര്‍കീവ് ഒഴിയണമെന്ന് എംബസിയുടെ നിര്‍ദ്ദേശം. നേരത്തെയും, അന്ത്യശാസനം നല്‍കി യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദ്ദേശം. ഖാര്‍കീവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍കീവിന് പുറമെ, സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍കീവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്‌സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍കീവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

അതേസമയം, കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു.