റഷ്യയുടെ ആക്രമണത്തില്‍ അടിപതറാതെ പോരാടി നില്‍ക്കുകയാണ് യുക്രൈന്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടേത് പ്രതിസന്ധിയില്‍ പതറാത്ത നായക വേഷവും.
തന്റെ രാജ്യത്തെയും ജനതയെയും സംരക്ഷിക്കാന്‍ എത്ര വലിയ പ്രതിസന്ധിയോടും ഏറ്റുമുട്ടാന്‍ തയ്യാറായ നേതാവിനെയാണ് ഇതോടെ ലോകം കണ്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോടാണ് അദ്ദേഹവും രാജ്യവും പൊരുതി നില്‍ക്കുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ അധിനിവേശത്തില്‍ മുട്ടുമടക്കാതെ മുന്നില്‍നിന്ന് നയിക്കുന്ന നേതാവിനെയാണ് നമ്മള്‍ കണ്ടത്. രക്ഷപെടാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും തന്റെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹം പോരാടാന്‍ തീരുമാനിച്ചു.
നായക പരിവേഷത്തില്‍ സെലെന്‍സ്‌കി തിളങ്ങുമ്ബോള്‍ അദ്ദേഹത്തോടും, രാജ്യത്തെ സൈനികരോടും ഒപ്പ്ം യുക്രൈന്‍ ജനതെയെ ചേര്‍ത്തുപിടിച്ചൊരാളുണ്ട്. യുക്രൈനിന്റെ പ്രഥമ വനിത ഒലേന സെലന്‍സ്‌ക. വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഭാര്യ. റഷ്യന്‍ ആക്രമണത്തെ രാജ്യം നേരിടുമ്ബോള്‍ പ്രസിഡന്റിനൊപ്പം തന്നെ യുക്രൈന്‍ ജനതയ്ക്ക് ധൈര്യം നല്‍കിക്കൊണ്ട് സെലന്‍സ്‌കയും രംഗത്തെത്തിയിരുന്നു. പ്രഥമ വനിതാ, പ്രസിഡന്റിന്റെ പത്‌നി എന്നീ പേരുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഒലേന സെലന്‍സ്‌ക.
റഷ്യന്‍ സൈന്യം കീവ് വളഞ്ഞപ്പോഴും വഴങ്ങാന്‍ വിസമ്മതിച്ച് ഭര്‍ത്താവിന്റെ അരികില്‍ ശക്തമായി നില്‍ക്കുന്ന സെലന്‍സ്‌കയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്.
44 കാരിയായ ഒലേന സെലന്‍സ്‌ക അഭിനേത്രി, വാസ്തുശില്പി, തിരക്കഥാകൃത്ത് എന്നീ മേഖലകളിലും സജ്ജീവമാണ്. 2019-ല്‍ ഫോക്കസ് മാഗസിന്‍ പ്രസിദ്ധീകരിച്ച യുക്രൈനിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളായി യുക്രൈനിയന്‍ പ്രഥമ വനിതയെ തിരഞ്ഞെടുത്തിരുന്നു. ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് ഒലേന സെലന്‍സ്‌ക നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. റഷ്യന്‍ ആക്രമണം ശക്തമായി തുടരുമ്ബോഴും സെലന്‍സ്‌ക ജനതയ്ക്ക് ധൈര്യം പകര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ തന്റെ സന്ദേശങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ചു.
”ഏറ്റവും പ്രിയപ്പെട്ട ജനങ്ങളെ, ഞാന്‍ ഓര്‍ക്കുന്നത് നിങ്ങള്‍ ഓരോരുത്തരെയും കുറിച്ചാണ്. ടിവിയിലും ഇന്റര്‍നെറ്റിലും തെരുവുകളിലും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. നിങ്ങളുടെ പോസ്റ്റുകളും വീഡിയോകളും എല്ലാം ഞാന്‍ കാണുന്നു. പിന്നെ എന്താണെന്നറിയാമോ? നിങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ എനിക്ക് പറയാനുള്ളത് നിങ്ങള്‍ അസാധാരണ മനുഷ്യരാണ്. ഈ രാജ്യത്ത് നിങ്ങളോടൊപ്പം ജീവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. പലരും പറഞ്ഞുകേട്ടു നിങ്ങള്‍ ആള്‍ക്കൂട്ടമാണെന്ന്. എന്നാല്‍ ഇതൊരു ആള്‍ക്കൂട്ടമല്ല. ഇതൊരു സൈന്യമാണ്. ഇനി എനിക്ക് പരിഭ്രാന്തിയും കണ്ണീരും ഉണ്ടാകില്ല. കാരണം ഞാന്‍ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഇരിക്കുകയാണ്. എന്റെ കുഞ്ഞുങ്ങള്‍ എന്നെ ഉറ്റുനോക്കുന്നു. ഞാന്‍ അവരോടൊപ്പം ഉണ്ടാകും. എന്റെ ഭര്‍ത്താവിനും നിങ്ങള്‍ക്കും ഒപ്പവും ഞാന്‍ ഉണ്ടാകും”. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലന്‍സ്‌ക കുറിച്ച വാക്കുകളാണിത്.
സെലന്‍സ്‌കയുടെ വാക്കുകള്‍ യുക്രേനിയന്‍ ജനതയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലൂടെ സെലന്‍സ്‌ക തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. 1978ല്‍ ക്രിവി റിയിലായിരുന്നു സെലന്‍സ്‌കയുടെ ജനനം. ആര്‍ക്കിടെക്ചറില്‍ ഉന്നത വിദ്യാഭ്യാസം നേടി. പിന്നീട് എഴുത്തിന്റെ വഴി തിരഞ്ഞെടുത്തു.
സിനിമകള്‍ക്കും ടെലിവിഷന്‍ ഷോകള്‍ക്കും എഴുതുന്നത് കൂടാതെ യുക്രെയ്‌നിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ കവര്‍താല്‍ 95ന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ഒലേന. പ്രഥമ വനിത എന്ന പദവിയിലെത്തിയതോടെ യുക്രൈന്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ എന്നും സെലന്‍സ്‌ക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 2003ലായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും ഒലേന സെലന്‍സ്‌കയും തമ്മിലുള്ള വിവാഹം. രണ്ട് കുട്ടികളുമുണ്ട്.



