ശരീരം മുഴുവന്‍ ആക്റ്റിവ് ആയി നിലനിര്‍ത്താന്‍ സ്കിപ്പിംഗ് സഹായിക്കും. സ്കിപ്പിംഗ് ചെയ്താല്‍ ലഭിക്കുന്ന ഗുണങ്ങള്‍ അറിഞ്ഞിരിക്കാം;
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച കാര്‍ഡിയോ എക്സര്‍സൈസ് ആണ് സ്കിപ്പിംഗ്.
ഹൃദയത്തെ കരുത്തുള്ളതാക്കാനും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകള്‍ ഒഴിവാക്കാനും സ്കിപ്പിംഗ് വളരെയധികം പ്രയോജനം ചെയ്യും.
സ്കിപ്പിംഗ് റോപ്പും മാനസികാരോഗ്യവും തമ്മിലെന്ത് എന്ന് ചിന്തിക്കുന്നുണ്ടോ? ബന്ധമുണ്ട്. സ്കിപ്പിംഗ് ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദവും അനാവശ്യ ചിന്തകളും ഒഴിവാക്കാന്‍ വളരെയധികം സഹായിക്കും. ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ മനസ് ആരോഗ്യത്തോടെ തന്നെയിരിക്കില്ലേ, മാത്രമല്ല, സ്കിപ്പിംഗ് ചെയ്യുന്നത് മസ്തിഷ്കം ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ ഭാഗത്തും രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് മാനസിക സന്തോഷം നല്കുന്ന ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ ഉദ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
സത്യമാണ്, മനസ് മുതല്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതാണ് സ്കിപ്പിംഗ്. ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാലും അല്പനേരം സ്കിപ്പിംഗ് ചെയ്യുന്നതോടെ തന്നെ നന്നായി വിയര്‍ക്കുന്നതിനാലും ചര്‍മ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള മികച്ച വഴി കൂടിയായി ഇതിനെ കണക്കാക്കാം. ചര്‍മ സുഷിരങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ സ്കിപ്പിംഗ് സഹായകമാണ്.
അമിത വണ്ണം എരിച്ചുകളയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സ്കിപ്പിംഗ് തിരഞ്ഞെടുക്കണം. തുടര്‍ച്ചയായ രണ്ടാഴ്ച കൊണ്ട് തന്നെ അനാവശ്യ കൊഴുപ്പ് ശരീരത്തില്‍ നിന്ന് ഇല്ലാതാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് ഈ വ്യായാമത്തിന്റെ പ്രത്യേകത.
പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ് മുഖത്തെ വണ്ണം കൂടുന്നത്. കവിളുകളും താടിയുടെ ഭാഗവുമെല്ലാം കൊഴുപ്പടിഞ്ഞ് തൂങ്ങിയാല്‍ സൗന്ദര്യം ഇല്ലാതാക്കാന്‍ ഇതുമതി. എന്നാല്‍ സ്കിപ്പിംഗ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഈ പ്രശ്നം മറികടക്കാം. മുഖം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ നന്നായി ഇളകുമെന്നതിനാല്‍ ഡബിള്‍ ചിന് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സ്കിപ്പിംഗ് സഹായിക്കും. എന്നാല്‍ കുറച്ചു നാളെങ്കിലും ഇത് തുടര്‍ച്ചയായി ചെയ്യണം. അങ്ങനെയെങ്കില്‍ വലിയ വ്യത്യാസം തന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.



