അടിമാലി: ഇടുക്കി പണിക്കന്‍കുടിയില്‍ യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയ് കസ്റ്റഡിയില്‍. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
20 ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്. രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ദിവസങ്ങളായി പൊലീസിനെ സമര്‍ഥമായി കബളിക്കുകയായിരുന്നു ഇയാള്‍. ബിനോയിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയും ചെയ്തു.
ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ പരിശോധന നടത്തിയത്. അടുക്കളയിലെ അടുപ്പിന്റെ തറ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.



