കുന്നമംഗലം: പൊന്നുമോനെ അവസാനമായിട്ട് കാണാന്‍പോലും അബൂബക്കറിനും വാഹിദയ്ക്കുമായില്ല. മകനെ കോഴിക്കോട് കണ്ണമ്പറമ്പില്‍ ഖബറടക്കുമ്പോള്‍ നെഞ്ച് തകര്‍ന്നിവര്‍ വിലപിക്കുകയായിരുന്നു.

തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹാഷിം. നിപാ തങ്ങളുടെ മകനെ കൊണ്ടുപോയയെന്ന് ഇപ്പോഴും ഇവര്‍ക്ക് വിശ്വസിക്കനായിട്ടില്ല.

നന്നായി മാപ്പിളപ്പാട്ടുകള്‍ പാടുമായിരുന്ന ഈ പന്ത്രണ്ടുകാരന്‍ കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു. പഠനത്തിലും നന്നായി മികവ് പുലര്‍ത്തിയിരുന്നു. പി ടി എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഹാഷിമിന്റെ മരണം നാട്ടുകാരെയും കൂട്ടുകാരെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ആഗസ്ത് 28നാണ് പനി ബാധിച്ചത്. അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും തിരികെവരുന്നതും കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും. ചേതനയറ്റ ശരീരംപോലും ഇവര്‍ക്കും കാണാനായില്ല. അബൂബക്കര്‍ സിപിഐ എം മുന്നൂര്‍ ബ്രാഞ്ചംഗമാണ്. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. കനത്ത ആരോഗ്യ സുരക്ഷയിലായിരുന്നു ഖബറടക്കം. അടുത്ത അഞ്ച് ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച്‌ ചടങ്ങില്‍ പങ്കെടുത്തു.