മുംബൈ: മഹാരാഷ്‌ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ഡെങ്കിപ്പനിയും മലേറിയയും വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. വിവിധ ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തെ കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും പങ്കെടുത്ത വെര്‍ച്വല്‍ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഡെങ്കിപ്പനി, മലേറിയ അസുഖങ്ങള്‍ സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരും നിര്‍ബന്ധമായും കൊറോണ പരിശോധന നടത്തണം. എല്ലാവരും അതീവ ജാഗ്രതയോടെ തുടരേണ്ട സമയമാണിത്. ഈയവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ പ്രതിഷേധവുമായി ജനങ്ങള്‍ മുന്നോട്ട് വരരുത്. ഇക്കൂട്ടര്‍ ദയവായി കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ തുറന്ന ആരാധനാലയങ്ങള്‍ വീണ്ടും കൊറോണ വ്യാപനം മൂലം അടയ്‌ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പ്രതിഷേധിച്ചാല്‍ മാത്രമേ മതിയാകൂവെങ്കില്‍ കൊറോണയ്‌ക്കെതിരെ പ്രതിഷേധിക്കണ്ടതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓക്‌സിജന്‍ ലഭ്യതയ്‌ക്കനുസരിച്ചായിരിക്കും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പിലാക്കുക. കൂടാതെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ തടയാന്‍ ജനങ്ങള്‍ക്ക് എത്രമാത്രം സാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മഹാരാഷ്‌ട്രയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.



