ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ ലോകോത്തര ടീമുകൾക്ക് ജയവും തോൽവിയും. ലോക ഒന്നാം നമ്പർ ബെൽജിയവും ജർമ്മനിയും യോഗ്യതാ പോരാട്ടത്തിൽ ജയിച്ചപ്പോൾ സ്പെയിൻ തോൽവി വിഴങ്ങേണ്ടിവന്നു. ഇറ്റലി സമനിലയിലും കുരുങ്ങി.
എസ്റ്റോണിയയെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് ബെൽജിയം തകർത്തത്. റമേലൂ ലൂക്കാക്കുവിന്റെ ഇരട്ട ഗോൾ മികവിലാണ് ബെൽജിയം മുന്നേറിയത്. ജർമ്മനി ലിച്ചെൻസ്റ്റൈനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. തിമോ വെർണറും സനേയും ഗോളുകൾ നേടി.
സമനില വഴങ്ങേണ്ടി വന്ന നിരാശയിലാണ് ഇറ്റലി. യൂറോപ്യൻ ചാമ്പ്യന്മാരെ ബൾഗേറി യയാണ് സമനിലയിൽ കുരുക്കിയത്. ഫെഡറിക്കോ കിസേയിലൂടെ നേടിയ മുൻതൂക്കം ഇറ്റലിക്ക് നിലനിർത്താനായില്ല. അറ്റ്നാസാണ് ബൾഗേറിയ്ക്ക് നിർണ്ണായക സമനില ഗോൾ നൽകിയത്.
സ്പെയിനിന്റെ തോൽവി ആരാധകരെ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വീഡൻ കാളപ്പോരിന്റെ നാട്ടുകാരെ ഞെട്ടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 28 വർഷത്തെ തോൽവിയറിയാത്ത കുതിപ്പിനാണ് വിരാമമായത്. 1993ന് ശേഷമാണ് സ്പെയിൻ ഒരു മത്സരം തോൽക്കുന്നത്. അവസാന 66 മത്സരങ്ങളിൽ 52 ജയങ്ങളും 14 സമനിലകളുമാണ് സ്പെയിനിന്റെ നേട്ടം.



