മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, ആ വിവാദം അണപൊട്ടിയൊഴുക്കിയ ഒരു ചിത്രത്തിനും പത്ത് വയസ്സ് തികയുകയാണ്. വാരാന്ത്യങ്ങളില്‍ ഒരുക്കുന്ന വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങള്‍ പുതുക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്റിക്ക് സ്മിത്ത്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാവിഭാഗം കൈകാര്യം ചെയ്ത പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ അജയന്‍ വിന്‍സെന്റ്, മേക്കപ്പ് വിദഗ്ധന്‍ പട്ടണം റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയിയുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതുവരെ എത്തിച്ചേര്‍ന്നത്. ജൂണ്‍ അവസാനവാരം ആരംഭിച്ച ‘ആനിവേഴ്‌സറി സെലിബെറേഷന്‍സ്’ നവംബര്‍ അവസാനവാരം സമാപിക്കും.

‘ഒന്‍പത് ‘ എന്ന അക്കത്തിന് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് ഡാം 999. ഒന്‍പത് പ്രധാന കഥാപാത്രങ്ങള്‍, ഒന്‍പത് ലൊക്കേഷനുകള്‍, ഒന്‍പത് രസങ്ങള്‍, ഒന്‍പത് പാട്ടുകള്‍. നഷ്ടപ്രണയത്തിന്റെ ഒന്‍പത് ഭാവങ്ങള്‍, ഒന്‍പത് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കള്‍, ഒന്‍പത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒന്‍പത് ചികിത്സാ രീതികളിലുള്ള ആയുര്‍വ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒന്‍പത് രീതികളില്‍ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒന്‍പത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുള്ളത്.

സിനിമയുടെ ഈ പ്രത്യേകത കണക്കിലെടുത്ത്, ഒന്‍പത് തീമുകളിലാണ് ഈ വാര്‍ഷികവും അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വെബിനാറുകള്‍, ചിത്രീകരണ വിശേഷങ്ങള്‍ അടങ്ങിയ ചെറു വീഡിയോകള്‍, ഗാനങ്ങളുടെ പുതിയ പതിപ്പുകളുടെ റിലീസുകള്‍ തുടങ്ങിയ നിരവധി പരിപാടികളും ആനിവേഴ്സറിയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിയ്ക്കും.

‘ഒരു മുഖ്യധാരാ ചിത്രം എന്ന നിലയില്‍ ഓസ്‌കറിന്റെ മത്സരപ്പട്ടികയില്‍ നേരിട്ട് ഇടംപിടിച്ച ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999. കൂടാതെ സംവിധായകന്‍ സോഹന്‍ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്കാര്‍ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) ‘പെര്‍മെനന്റ് കോര്‍ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് 12 ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999.

2013 ല്‍ തന്നെ നടന്ന സിനിറോക്കോം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഡയറക്ടര്‍ ‘, ‘ബെസ്റ്റ് ഫീച്ചര്‍ ഫിലിം’ എന്നീ അവാര്‍ഡുകള്‍ ; ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഹെല്‍ത്ത് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ നിന്ന് ‘സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ‘, ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’, ‘ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവല്‍ ‘ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ;
സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാര്‍ഡ് ‘, തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ‘ഡാം 999’ ആ വര്‍ഷം നേടിയിരുന്നു. വെസ്റ്റ്‌ ഇന്‍ഡീസിലെ ‘ആന്റിഗ്വ & ബാര്‍ബുദ’ ഫിലിം ഫെസ്റ്റിവലില്‍ വച്ച്‌ ‘ജഡ്ജസ് ഫേവറിറ്റ്’ പുരസ്‌കാരത്തിനും ഈ ചിത്രം അര്‍ഹമാവുകയും, തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ റോയിയെ പ്രത്യേക പുരസ്‌കാരം നല്‍കി സംഘാടകര്‍ ആദരിക്കുകയും ചെയ്തിരുന്നു.

വിശ്വ പ്രസിദ്ധമായ ടെഹ്‌റാന്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മലേഷ്യയിലെ കോലാലംപൂര്‍ എക്കോ ഫിലിം ഫെസ്റ്റിവല്‍, അമേരിക്കയിലെ ചെയിന്‍ NYC ഫിലിം ഫെസ്റ്റിവല്‍, ലൂയിസ്വില്ലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ട്രിനിറ്റി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലാഫ്ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ സാലെന്‍റ്റോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഗ്ലോബല്‍ മ്യൂസിക്ക് അവാര്‍ഡും കരസ്ഥമാക്കി.