ഡല്‍ഹി: 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. കോവിഡ് -19 വിദഗ്ദ്ധ സമിതിയുടെ (എസ്‌ഇസി) ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡിന് അംഗീകൃത പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്റെ ഘട്ടം 2, 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താമെന്ന് ഡിജിസിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് -19 വാക്സിന്‍ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവര്‍ക്കുള്ള ആദ്യ വാക്സിന്‍ ആണ്. അതേസമയം 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ 2/3 ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.