വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ കോസ്റ്റൽ പൊലീസിനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതി. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ പ്രതികരണം ലഭിച്ചില്ല. പൊലീസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആരോപിക്കുന്നു. രക്ഷാപ്രവർത്തനം നടത്തിയത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ്. രക്ഷാപ്രവർത്തനത്തിനായി തോട്ടപ്പള്ളി കോസ്റ്റൽ സ്പീഡ് ബോട്ട് എത്തിക്കേണ്ടി വന്നുവെന്നും മത്സ്യത്തൊലാളികൾ പറഞ്ഞു.

വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് പേരാണ് മരിച്ചത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവർ. വള്ളം അപകടത്തിൽപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.