ജോഹന്നാസ് ബെര്‍ഗ്: കൊറോണയുടെ പരിണാമത്തിന് അവസാനമില്ല. ജനിതകമാറ്റം സംഭവിച്ച് പിന്നെയും ഒരു പുതിയ വകഭേദം ഉണ്ടായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയഈ വകഭേദം മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്.
മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്റെ ഒന്നാം വരവില്‍ തന്നെ കണ്ടെത്തിയ സി. 1 എന്ന സരണിയില്‍ പെട്ടതാണ് ഈ വൈറസ്. പ്രതിവര്‍ഷം 41.8 ജനിതകമാറ്റങ്ങള്‍ എന്ന നിരക്കിലാണത്രെ ഇതിന് ജനിതകമാറ്റം വന്നിരിക്കുന്നത്. മറ്റു വകഭേദങ്ങളില്‍ കാണപ്പെടുന്ന ജനിതകമാറ്റ നിരക്കിന്റെ ഇരട്ടിയാണിത്.
പ്രതിമാസം 1 ശതമാനമാണ്‌ഈ വകഭേദത്തിന്റെ വ്യാപനത്തിലുള്ള് വര്‍ദ്ധനവ് എന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ കാര്യത്തില്‍ കണ്ടതുപോലെ ഈ വകഭേദവും വ്യാപനതോതില്‍ ക്രമമായ വര്‍ദ്ധനവ് പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനരീതിയേയും ശേഷിയേയും സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ വകഭേദത്തിന് ആന്റിബോഡികളെ കബളിപ്പിക്കാന്‍ സാധിക്കുമെന്നാണ്.
കോവിഡ് വാക്സിന്‍ എടുത്ത് 14 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ച 400 പേരുടെ വിശദപരിശോധനയില്‍ തെളിഞ്ഞത് ഈ പുതിയ വകഭേദം ബാധിച്ചവരില്‍ കൊറോണയുടെ വൈറല്‍ ലോഡ് മറ്റ് ഇനങ്ങള്‍ ബാധിച്ചവരിലേതിനേക്കാള്‍ കൂടുതലാണ് എന്നായിരുന്നു. ഇതിനെതിരെ വാക്സിന്റെ പ്രഭാവം വളരെ കുറവാണ് എന്നാണ് ഇത് തെളിയിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ വാദം.



