സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്‌ച ന്യൂനമര്‍ദ്ദം നിര്‍ജ്ജീവമാകും. ഇതോടെ മഴ കുറയുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനം പാടില്ലെന്നാണ് നിര്‍ദ്ദേശം.

കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

അതേസമയം സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ അണക്കെട്ടില്‍ 69.39 % വെള്ളമുണ്ട്. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും 23 % മഴ കുറവാണെങ്കിലും ശക്തമായ മഴ തുടര്‍ച്ചയായി പെയ്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണു ജലനിരപ്പ് ഉയരാന്‍ കാരണം.

കെഎസ്‌ഇബിയുടെ കണക്കനുസരിച്ച്‌ അണക്കെട്ടുകളില്‍ കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 30 ശതമാനവും വെള്ളം എത്തുമെന്നാണ്. പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു തയാറാക്കിയ റൂള്‍ കര്‍വ് അനുസരിച്ച്‌ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.

അതിനിടെ തമിഴ്‌നാട്ടിലും മഴ കനക്കുകായണ്. ഇതോട കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങളില്‍ അടക്കം നീരൊഴുക്ക് വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തെങ്കാശി ജില്ലയിലും വ്യാപക മഴ പെയ്യുന്നുണ്ട്. മഴവെള്ളം സംഭരിച്ച്‌ കൃഷിക്ക് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പും കര്‍ഷകര്‍ നടത്തുന്നുണ്ട്. ഞാറു നട്ട വയലുകളില്‍ വെള്ളം കയറുന്നത് കര്‍ഷകരുടെ ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും മഴ തുടര്‍ന്നാല്‍ കൃഷി നാശത്തിന് കാരണമാകും.

ജില്ലയിലെ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുകയാണ്. പഴയ കുറ്റാലം, ഐന്തരുവി, കുറ്റാലം എന്നിവയെല്ലാം ജലസമൃദ്ധമായി. കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത ജലപാതങ്ങളൊന്നും തുറന്നിട്ടില്ല. തിയറ്ററുകള്‍ തുറന്നിട്ടും സ്‌കൂള്‍ തുറക്കുമെന്നുള്ള അറിയിപ്പ് വന്നിട്ടും ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തില്‍ മാത്രം ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.