അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രം ജിബൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

എസ് ജെ സിനു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും പ്രണയരംഗങ്ങളും സസ്‌പെന്‍സുമെല്ലാം നിറഞ്ഞതാണ് ട്രെയ്‌ലര്‍. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

സഞ്ജയ് പടിയൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ടി. ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തില്‍ കൈതപ്രം, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ശങ്കര്‍ മഹാദേവന്‍, വിജയ് പ്രകാശ്, കാര്‍ത്തിക്, ആനന്ദ് ശ്രീരാജ് ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.