അഗര്‍ത്തല: കേന്ദ്ര ധനമന്ത്രി ത്രിപുരയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തി. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് 1,300 കോടി രൂപയുടെ സഹായ പദ്ധതിക്ക് 10 ദിവസത്തിനുള്ളില്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു.

‘ത്രിപുരയിലെ ആദിവാസി ജനതയുടെ സമഗ്രവികസനത്തിനായി ഉദ്ദേശിച്ചിട്ടുള്ള എക്‌സ്റ്റര്‍ണലി എയ്ഡഡ് പ്രോജക്‌ട് (ഇഎപി), പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ത്യോദയ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും ആദരവും അന്തസ്സുമുള്ള ജീവിതം നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കും’ എന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനോടൊപ്പം 21 കോടിയിലധികം ചെലവ് വരുന്ന മറ്റ് രണ്ട് പദ്ധതികള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കി. സംസ്ഥാന പാതകളുടെ വീതികൂട്ടലിനായി 14.15 കോടിയുടെയും, അഗര്‍ത്തലയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.4 കോടിയുടെയും പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ (എന്‍ഇആര്‍യുഡിപി) കീഴിലുള്ള ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ മൂന്ന് ഭൂഗര്‍ഭജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഡിജിറ്റലായി നിര്‍വഹിച്ചു. 20 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് എന്നാണ് കണക്കാക്കുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി, ത്രിപുരയിലെ മൂന്നാമത്തെ വലിയ നഗരമായ ഉദയ്പൂരിലെ, പ്രശസ്തമായ ത്രിപുര സുന്ദരി ക്ഷേത്ര ദര്‍ശനത്തിനായി മന്ത്രി എത്തും.