സംസ്ഥാനത്തെ കോവിഡ് വ്യാപനം പഠിക്കുന്നതിനായി സെറോ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരും വാക്സിന് സ്വീകരിച്ചവരും രോഗ പ്രതിരോധ ശേഷി കൈവരിച്ചോയെന്ന് പഠനത്തില്‍ പരിശോധിക്കും. ഇതാദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സര്‍വേ നടത്തുന്നത്.
തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. കുട്ടികളിലും ഗര്‍ഭിണികളിലും പ്രത്യേകം പഠനം നടത്തും. ഐ.സി.എം.ആര് സെറോ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
അതേസമയം, നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളില്‍ സന്ദര്‍ശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.



