ന്യൂഡല്‍ഹി : നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. നാളെ വൈകുന്നേരം 6.25 ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമുച്ചയം രാഷ്‌ട്രത്തിന് സമര്‍പ്പിക്കുക.

ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷന്‍ റെഡ്ഡി ,പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സ്മാരകത്തില്‍ നിര്‍മ്മിച്ച നാല് മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ജാലിയല്‍ വാലാബാഗില്‍ നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.

1919 ഏപ്രില്‍ 13 ന് ജാലിയന്‍വാലാബാഗില്‍ യോഗം ചേര്‍ന്ന ഇരുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ക്കുകയായിരുന്നു.കൂട്ടക്കൊലയില്‍ മുന്നൂറിലധികം പേര്‍ കൊലചെയ്യപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിരുന്നു.