ഭക്ഷണശേഷം പലപ്പോഴും വായില്‍ നിന്ന് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ ഒക്കെ മണം നമുക്ക് അനുഭവപ്പെടാറുണ്ട്. ഉള്ളിയിലും വെളുത്തുള്ളിയിലുമെല്ലാം അടങ്ങിയിരിക്കുന്ന ‘അലിസിന്’, ‘അലൈല്‍ മീഥൈല്‍ സള്‍ഫൈഡ്’, ‘സിസ്റ്റീന്‍ സള്‍ഫോക്സൈഡ്’ എന്നീ ഘടകങ്ങളാണ് ഈ മണത്തിന് കാരണമാകുന്നത്. ഭക്ഷണശേഷം പാല് കഴിക്കുന്നതാണ് ഒരു വഴി. ഉള്ളിയോ വെളുത്തുള്ളിയോ ഉണ്ടാക്കുന്ന രൂക്ഷമായ ഗന്ധത്തെ ലഘൂകരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, ഭക്ഷണത്തിന് പതിനഞ്ചോ ഇരുപതോ മിനുറ്റിന് ശേഷം മാത്രമേ പാല് കഴിക്കാവൂ.
ഉള്ളിയോ വെളുത്തുള്ളിയോ മുറിക്കുന്നതോടെയാണ് ഇവയ്ക്ക് ജീവന് വയ്ക്കുന്നത്. നമ്മളിത് കഴിക്കുന്നതോടെ ഈ ഘടകങ്ങള്‍ നമ്മുടെ രക്തത്തിലും അലിഞ്ഞ് ചോരുന്നു. ഇതാണ് രൂക്ഷമായ ഗന്ധത്തിന് ഇടയാക്കുന്നത്. ഭക്ഷണശേഷം ആപ്പിള്‍ കഴിക്കുന്നതാണ് മണം ഒഴിവാക്കാനുള്ള മറ്റൊരു വഴി. മണമുണ്ടാക്കുന്ന സള്‍ഫര്‍ അംശങ്ങളെ നശിപ്പിക്കാനാണ് ഇത് സഹായിക്കുക. വെറുതെ മുറിച്ച ആപ്പിള്‍ കഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസ് കഴിക്കുകയോ ആവാം. ഏറ്റവും ലളിതമായ ഒരു മാര്‍ഗമാണിത്. ഭക്ഷണശേഷം വെള്ളം കുടിക്കുക. മണം മാത്രമല്ല, ഭക്ഷണത്തില്‍ നിന്നുണ്ടാകാനിടയുള്ള ഏത് തരം പ്രശ്നങ്ങളെയും ചെറുക്കാന്‍ വെള്ളം കുടിക്കുന്നത് സഹായകമാകും.



