കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്തികള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ലെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.
‘ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേതാണ്. അത് വില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജ്യം ഒന്നടങ്കം ജനവിരുദ്ധമായ ഈ തീരുമാനത്തെ എതിര്‍ക്കും. മമതാ ബാനര്‍ജി പറഞ്ഞു. ധനസമാഹരണ പദ്ധതിയുടെ മറവില്‍ രാജ്യത്തിന്റേത് മാത്രമായ സ്വത്തുക്കള്‍ വിറ്റ് ആ പണം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ പദ്ധതിയാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.



