പത്തനംതിട്ട: ദുരിതം വിതയ്‌ക്കുന്ന കൊവിഡ് കാലത്തെ ചട്ടങ്ങള്‍ മാനിച്ച്‌ ആചാര പെരുമ കാത്ത് ഇത്തവണ ആറന്മുള ഉതൃട്ടാതി വള‌ളം കളി നടന്നു. സാധാരണ 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന വളളംകളിയില്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മൂന്ന് പളളിയോടങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പളളിയോടങ്ങള്‍ ഇവയാണ്. കിഴക്കന്‍ മേഖലയിലെ കോഴഞ്ചേരി, മദ്ധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ് വന്മഴി. ഒരു പളളിയോടത്തില്‍ 40 പേരെ വച്ച്‌ 120 പേരാണ് പളളിയോടങ്ങളില്‍ ഉണ്ടായിരുന്നത്.

രാവിലെ 10.45ഓടെ പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നല്‍കി ആചാരമനുസരിച്ച്‌ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങള്‍ക്ക് ചാര്‍ത്തി. ഇത്തവണ പള്ളിയോടത്തില്‍ എത്തുന്നവര്‍ ക്ഷേത്രക്കടവില്‍ ഇറങ്ങാനാകില്ല.

വെള്ളമുണ്ടും ചുവന്ന തലയില്‍ക്കെട്ടും ധരിച്ച പള്ളിയോടങ്ങളുടെ ക്യാപ്ടന്‍മാരും വെള്ളമുണ്ടും വെള്ള തലയില്‍ക്കെട്ടും ധരിച്ച്‌ മറ്റ് തുഴച്ചില്‍കാരും വള‌ളംകളിയില്‍ പങ്കെടുത്തു. പള്ളിയോട സേവാസംഘം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുളളവര്‍ക്കേ പളളിയോടത്തില്‍ കയറാന്‍ ഇത്തവണ അനുമതിയുണ്ടായിരുന്നുള‌ളു.

ക്ഷേത്ര കടവില്‍ നിന്ന് സത്ര കടവിലേക്ക് വഞ്ചിപാട്ട് പാടി പോയ പളളിയോടങ്ങള്‍ അവിടെ നിന്നും തിരിഞ്ഞ് മടങ്ങിവന്നു. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചത് വള‌ളംകളിയുടെ ആവേശം തെല്ലൊന്ന് കുറച്ചെങ്കിലും ആചാരപ്പെരുമയില്‍ തന്നെ ഈ വ‌ര്‍ഷത്തെയും വള‌ളംകളി നടന്നു.