നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് മണ്ണിടിച്ചിലില്‍ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ടു. തൊട്ടുമുമ്ബില്‍ റോഡിനടുത്ത മലയില്‍ നിന്നും മണ്ണും പാറകളും വീഴുന്നത് കണ്ട് ബസ് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി.

ഉത്തരാഖണ്ഡിലെ പ്രമുഖ ടൂറിസം കേന്ദ്രമായ നൈനിറ്റാളില്‍ വെള്ളിയാഴ്ചയാണ് സംഭവം. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ പുറത്തുവിട്ട സംഭവത്തിന്‍െറ വീഡിയോയില്‍ ചില യാത്രക്കാര്‍ ലഗേജുമായി ബസില്‍ നിന്ന് ഓടിപ്പോകുന്നതും കാണാം. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ വാഹനം സുരക്ഷിതമായ അകലത്തിലേക്ക് റിവേഴ്സ് എടുക്കുകയായിരുന്നു. കടപുഴകിയ മരങ്ങള്‍ക്കൊപ്പം മലയുടെ ഒരു ഭാഗം താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. രക്ഷപ്പെട്ട യാത്രക്കാര്‍ ആശ്വാസത്തിന്‍െറ നെടുവീര്‍പ്പിടുന്നത് വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്.

മേഖലയിലെ കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ സേനക്ക് (SDRF) ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച സംസ്ഥാനത്ത് 29.5 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാറക്കല്ലുകള്‍ വീണ് ടെമ്ബോ ട്രാവലറില്‍ യാത്ര ചെയ്തിരുന്ന ഒമ്ബത് വിനോദസഞ്ചാരികള്‍ മരിക്കുകയും ഒരു പ്രദേശവാസിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.