വരുന്ന സീസണു മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൗഹൃദമത്സരങ്ങൾ കളിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്. ഡ്യൂറൻഡ് കപ്പിൽ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കേരള യുണൈറ്റഡ് എഫ്സിയും ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ ടീമും ആണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.

കേരള യുണൈറ്റഡിനെതിരെ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. ഓഗസ്റ്റ് 20, 23 തീയതികളിൽ നടക്കുന്ന മത്സരങ്ങൾ കൊച്ചിയിൽ തന്നെയാവും നടക്കുക. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലുമായുള്ള മത്സരം എപ്പോൾ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്ക് തിരിക്കും.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബർ അഞ്ചിന് ആരംഭിക്കും. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. കൊൽക്കത്തയിലാണ് മത്സരങ്ങൾ.

ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ടൂർണമെൻ്റിൽ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സിനൊപ്പം എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ ഐഎസ്എലിൽ നിന്ന് പങ്കെടുക്കും. ഗോകുലം കേരളയ്ക്കൊപ്പം മുഹമ്മദൻ, സുദേവ ഡൽഹി എന്നീ ടീമുകളാണ് ഐലീഗ് പ്രതിനിധികൾ. ഇവർക്കൊപ്പം ഇന്ത്യൻ എയർഫോഴ്സ്, ആർമി റെഡ്, ആർമി ഗ്രീൻ, ഇന്ത്യൻ നേവി എന്നിവരും കളിക്കും.