തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ വടക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ വലയുമ്പോള്‍ വര്‍ഷങ്ങളായി മതിയായ കുട്ടികളില്ലാതെ 53 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍. ഇതില്‍ 40 ബാച്ചുകളും 2014, 2015 വര്‍ഷങ്ങളില്‍ അനുവദിച്ചവയാണ്. വ്യവസ്ഥകളോടെയാണ് ഇൗ വര്‍ഷങ്ങളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചത്. ആദ്യ വര്‍ഷം 40 കുട്ടികളും പിന്നീടുള്ള വര്‍ഷങ്ങളില്‍ 50 കുട്ടികളും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ അനുവദിച്ച ഇൗ 40 ബാച്ചുകളിലും ഇതുവരെ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള കുട്ടികളുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒരു കുട്ടിപോലും പ്രവേശനം നേടാത്ത ബാച്ചുകളുമുണ്ട് ഇക്കൂട്ടത്തില്‍. 2014-15ല്‍ അനുവദിച്ച ബാച്ചുകളില്‍ മതിയായ കുട്ടികളില്ലാത്തവ നിര്‍ത്തലാക്കി അത്രയും ബാച്ചുകള്‍ സീറ്റ് ക്ഷാമം നേരിടുന്ന മലബാറില്‍ അനുവദിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുേന്നാട്ടുവെച്ച മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതിനാല്‍ 40 ബാച്ചുകളിേലക്കും തസ്തിക സൃഷ്ടിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കുട്ടികളില്ലാത്ത ബാച്ചുകളില്‍ കൂടുതലും സയന്‍സ്, കോമേഴ്സ് വിഷയ കോംബിനേഷനിലുള്ളവയാണ്. കുട്ടികളില്ലാത്ത ബാച്ചുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആദ്യഘട്ട അലോട്ട്മെന്റിനുമുമ്പ് ബാച്ചുകള്‍ മാറ്റില്ലെന്നാണ് സൂചന. ഇൗ വര്‍ഷത്തെ അപേക്ഷകരുടെ എണ്ണം കൂടി പരിഗണിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്. കുട്ടികളില്ലാത്ത 53 ബാച്ചുകളില്‍ 24 എണ്ണവും പത്തനംതിട്ടയിലാണ്. ഇതില്‍ 18 എണ്ണം 2014, ’15 വര്‍ഷങ്ങളില്‍ അനുവദിച്ചവയാണ്. എട്ട് ബാച്ചുകള്‍ ഇടുക്കി ജില്ലയിലുമാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്.
കുട്ടികളില്ലാത്ത 53 ബാച്ചുകളില്‍ 26 എണ്ണം സയന്‍സിലും 23 എണ്ണം കോമേഴ്സിലും നാലെണ്ണം ഹ്യുമാനിറ്റീസിലുമാണ്. ഇതില്‍ 2014, ’15 വര്‍ഷങ്ങളില്‍ അനുവദിക്കുകയും നിശ്ചയിച്ച മാനദണ്ഡ പ്രകാരം കുട്ടികളില്ലാത്തതുമായ 40 ബാച്ചുകളില്‍ 19 എണ്ണം വീതം സയന്‍സിലും രണ്ടെണ്ണം ഹ്യുമാനിറ്റീസിലുമാണ്.
പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് അനിശ്ചിതത്വത്തില്‍
പൊതുപരീക്ഷക്ക് മുമ്ബ് മോഡല്‍ പരീക്ഷ നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം. സെപ്റ്റംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പരീക്ഷക്ക് മുമ്ബ് മോഡല്‍പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞത്.
മോഡല്‍ പരീക്ഷ നടത്തുകയാണെങ്കില്‍ സെപ്റ്റംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിശ്ചയിച്ച തീയതിയില്‍ നിന്ന് പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കേണ്ടിവരും. മോഡല്‍ പരീക്ഷ നടത്താന്‍ ചോദ്യപേപ്പര്‍ തയാറാക്കി അച്ചടിക്കുകയും പരീക്ഷാ സമയക്രമം തീരുമാനിക്കുകയും ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ വേണം. ഇതിന് ആഴ്ചകള്‍ വേണ്ടിവരും.
പ്ലസ് വണ്‍ പരീക്ഷക്ക് തയാറെടുക്കാന്‍ വേണ്ടി വിദ്യാര്‍ഥികളുടെ പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ അവസാനത്തോടെ നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം നേടിയ ശേഷം ഒരുദിവസം പോലും സ്കൂളില്‍ പോകാതെ നേരിട്ട് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആശങ്കയുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ പരീക്ഷക്ക് മുമ്ബ് മോഡല്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
പ്ലസ് വണ്‍ പരീക്ഷ വൈകിയാല്‍ വിദ്യാര്‍ഥികളുടെ പ്ലസ് ടു അധ്യയന ദിനങ്ങളും നഷ്ടപ്പെടും. ഇത് അടുത്ത മാര്‍ച്ചില്‍ പ്ലസ് ടു പരീക്ഷ നടത്തുന്നതിനും തടസ്സമാകും. മോഡല്‍ പരീക്ഷ, പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.



