ജിദ്ദ: അഫ്‌ഗാനിസ്ഥാനില്‍ എത്രയും വേഗത്തില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കപ്പെടുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. അവിടുത്തെ നിലവിലെ സംഭവ വികാസങ്ങളെ അതീവ താല്പര്യത്തോടെയും സൂക്ഷ്മമായും നിരീക്ഷിച്ചു വരുന്നതായും തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

താലിബാന്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വിഭാഗങ്ങളും ജനങ്ങളുടെ ജീവനും സ്വത്തും രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിന് പ്രവര്‍ത്തികാണാമെന്നും സൗദി പ്രസ്താവന നിര്‍ദേശിച്ചു.

സഹോദര രാജ്യമായ അഫ്ഗാനിസ്ഥാനിലെ ജനതയുടെ ക്ഷേമത്തിനായി അവരോടൊത്ത് സൗദി അറേബ്യ ഉണ്ടാകുമെന്നും അവിടുത്തെ ജനങ്ങള്‍ സ്വന്തമായി അവരുടെ ഭാവി തീരുമാനിക്കുകയാണ് വേണ്ടതെന്നും സൗദി അറേബ്യ വ്യക്തമാക്കി. ‘അഫ്‌ഗാനിസ്ഥാന്റെ ഭാവി അഫ്‌ഗാനികള്‍ സ്വയം തിരഞ്ഞെടുക്കട്ടെ. ഇക്കാര്യത്തില്‍ പുറമെ നിന്നുള്ള യാതൊരു ഇടപെടലുകളും പാടില്ല’ – സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കി.