ത്രിപുരയിൽ ബി.ജെ.പി പാർട്ടി ശാക്തീകരണത്തിന് ഒരുങ്ങുന്നു. 2023 തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താനും മന്ത്രിസഭാ പുന:സംഘടനയ്‌ക്കും തീരുമാനമായി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ത്രിപുരയിലെ സഖ്യകക്ഷികളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സഖ്യകക്ഷികൾക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടുള്ള മന്ത്രിസഭാ പുന:സംഘടനയ്‌ക്കാണ് ബിപ്ലബ് കുമാർ ഒരുങ്ങുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നദ്ദയുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.കഴിഞ്ഞയാഴ്ച ഇരുവരും ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

ത്രിപുരയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തൃണമൂൽ കോൺഗ്രസ്സ് നടത്തുന്ന രാഷ്‌ട്രീയ കരുനീക്കത്തെ തിരിച്ചറിഞ്ഞുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ത്രിപുരയിൽ നടത്തിയ രാഷ്‌ട്രീയ നാടകം ബി.ജെ.പി സമർത്ഥമായി നേരിട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തർക്കാൻ മമത ബാനർജി കാര്യമായി ശ്രമിക്കുന്നതാണ് ബി.ജെ.പി ഗൗരവപൂർവ്വം നിരീക്ഷിക്കുന്നത്. സഖ്യ കക്ഷികളെ വിശ്വാസത്തി ലെടുക്കുകയും പ്രാദേശിക തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ത്രിപുര ബി.ജെ.പി അറിയിച്ചു.

ത്രിപുര ഇൻഡിജീനിയസ് പ്രോഗ്രസ്സീവ് റീജിയണൽ അലയൻസ്(ടിഐപിആർഎ) നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനുമായി ബിപ്ലബ് കുമാർ ദേബ് ചർച്ച നടത്തി. നിലവിൽ പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുമായിട്ടാണ് ബി.ജെ.പിയുടെ സഖ്യം. ആകെ 60 നിയമസഭാ സീറ്റുകളാണ് ത്രിപുര നിയമസഭയിലുള്ളത്.